രാജ്യത്ത് നിരോധിച്ച ചൈനീസ് ഗെയിം ആപ്പായ പബ്ജി തിരിച്ചു വരുന്നതായി വിവരം. പബ്ജി മൊബൈല് ഗെയിമിന്റെ പരിഷ്കരിച്ച രൂപം ഇന്ത്യയില് അവതരിപ്പിക്കാന് ഒരുങ്ങുകയാണ് ദക്ഷിണ കൊറിയന് കമ്പനി ക്രാഫ്റ്റോണ്.
ക്രാഫ്റ്റോണ് കമ്പനിയുടെ ഉപകമ്പനിയാണ് പബ്ജി കോര്പ്പറേഷന്. ബാറ്റില്ഗ്രൗണ്ട്സ് മൊബൈല് ഇന്ത്യ എന്ന പേരില് മൊബൈല് ഗെയിം ഇന്ത്യയില് അവതരിപ്പിക്കാനാണ് ക്രാഫ്റ്റോണ് തീരുമാനിച്ചിരിക്കുന്നത്.
ലോകോത്തര നിലവാരത്തിലുള്ള ഗെയിമിനാണ് കമ്പനി രൂപം നല്കിയത്. ട്രിപ്പിള് എ മള്ട്ടിപ്ലെയര് ഗെയിമിങ് അനുഭവമാണ് ബാറ്റില്ഗ്രൗണ്ട്സ് മൊബൈല് ഇന്ത്യയില് ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി പ്രസ്താവനയില് അറിയിച്ചു.
ഗെയിം ആരംഭിക്കുന്നതിന് മുന്പ് പ്രീ രജിസ്ട്രേഷന് ആരംഭിക്കും. ഓണ്ലൈന് ഗെയിമിന് അനുകൂലമായ സാഹചര്യം ഇന്ത്യയില് സൃഷ്ടിക്കുന്നതിന് മറ്റു പങ്കാളികളെയും കമ്പനി തേടുന്നുണ്ട്.
പബ്ജി മൊബൈല് ഗെയിമിന്റെ ഇന്ത്യയിലെ വിതരണ ചുമതല നിര്വഹിച്ചിരുന്ന ടെന്സെന്റ് ഗെയിംസിന് പുതിയ ഗെയിമില് ഒരു പങ്കാളിത്തവും ഉണ്ടായിരിക്കില്ലെന്നും ക്രാഫ്റ്റോണ് അറിയിച്ചു.
കഴിഞ്ഞ വര്ഷം സെപ്റ്റംബറിലാണ് 118 ചൈനീസ് ആപ്പുകള് ഇന്ത്യ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും എതിരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പബ്ജി ഉള്പ്പെടെയുള്ള ആപ്പുകള് നിരോധിച്ചത്.
നവംബറില് പബ്ജി കോര്പ്പറേഷന് പുതിയ ഗെയിം ഇന്ത്യയില് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന് അറിയിച്ചിരുന്നു. എന്തായാലും പബ്ജി ആരാധകരെ സന്തോഷിപ്പിക്കുന്നതാണ് പുതിയ വാര്ത്ത.