ലക്നോ: ഉത്തർപ്രദേശിൽ പബ്ജി (മൊബൈൽ ഗെയിം) കളിക്കുന്നത് വിലക്കിയതിന് പതിനാറു വയസുകാരൻ മകൻ അമ്മയെ വെടിവച്ച് കൊലപ്പെടുത്തി.
തലസ്ഥാനമായ ലക്നോവിലാണ് രാജ്യത്തെ നടുക്കിയ സംഭവം റിപ്പോർട്ട് ചെയ്തത്.പിതാവിന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് മകൻ അമ്മയെ ആക്രമിച്ചതെന്ന് പോലീസ് വെളിപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവമുണ്ടായത്.
തുടർച്ചയായി ഫോണിൽ ഗെയിം കളിച്ചിരുന്ന മകനെ അമ്മ ശകാരിച്ചതാണ് പ്രകോപനത്തിന് കാരണം. തലയ്ക്ക് വെടിയേറ്റ മാതാവ് തൽക്ഷണം മരിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ഒൻപത് വയസുകാരിയായ സഹോദരിക്കൊപ്പം മകൻ രണ്ടു ദിവസം വീട്ടിൽ തന്നെ കഴിഞ്ഞു.
മൃതദേഹത്തിന് പഴക്കം വച്ചതോടെ ദുർഗന്ധം പുറത്തേക്ക് പോകാതിരിക്കാൻ മകൻ റൂം ഫ്രഷ്നർ ഉപയോഗിച്ചുവെന്നും പോലീസ് കണ്ടെത്തി. സംഭവം പുറത്തുപറയരുതെന്ന് സഹോദരിയെ കൗമാരക്കാരൻ ഭീഷണിപ്പെടുത്തുകയും ചെയ്തു.
അമ്മയെ വീട്ടിൽ ജോലിക്ക് വന്ന ഇലക്ട്രീഷൻ വെടിവച്ച് കൊലപ്പെടുത്തിയെന്ന് മകൻ പിന്നീട് പിതാവിനോട് പറഞ്ഞു.
സൈനിക ഉദ്യോഗസ്ഥനായ പിതാവ് നിലവിൽ പശ്ചിമ ബംഗാളിലാണ് ജോലി ചെയ്യുന്നത്. മകൻ പറഞ്ഞ കഥ പിതാവ് പോലീസിനോടും വെളിപ്പെടുത്തിയെങ്കിലും തുടരന്വേഷണത്തിൽ സത്യം പുറത്തുവരികയായിരുന്നു. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.