കളമശേരിയില്‍ 17കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള കുട്ടികളില്‍ ഒരാള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിനെതിരേ നാട്ടുകാര്‍.
കുട്ടിയുടെ മരണം പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. കേസിലുള്‍പ്പെട്ട കുട്ടികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും ജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാര്‍ ആരോപിച്ചു.
അവശനിലയിലായ കുട്ടികള്‍ വെള്ളിയാഴ്ച രാത്രി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെന്നും മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ കുട്ടികളെ ഉപദ്രവിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലായതോടെ വീട്ടുകാര്‍ക്കൊപ്പം വിട്ടുവെന്നും പോലീസ് വിശദീകരിച്ചു. ഗ്ലാസ് ഫാക്ടറി കോളനിക്കാരനായ പതിനേഴുകാരനാണ് രാവിലെ എട്ടുമണിയോടെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
കണ്ടയുടനെ കുട്ടിയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റും.