ചാത്തന്നൂർ: ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച ഗ്രന്ഥശാല അവഗണനയും അനാസ്ഥയും മൂലം നശിക്കുന്നു. ദേശീയപാതയോരത്തെ ബഹുനില ഗ്രന്ഥശാല മന്ദിരം തകർച്ചയുടെ വക്കിലാണ്. കാട് മൂടിയ കെട്ടിടത്തിനുള്ളിലെ അമൂല്യമായ ഗ്രന്ഥങ്ങൾ നശിക്കുന്നു അഞ്ചു വർഷത്തിലേറെയായി ഈ ഗ്രന്ഥശാല മന്ദിരം അടഞ്ഞുകിടക്കുകയാണ്. ലൈബ്രേറിയൻ ഇല്ലെന്നതാണ് ഗ്രന്ഥശാല പ്രവർത്തനം നിലയ്ക്കാൻ കാരണം.
ദേശീയപാതയോരത്ത് കൊട്ടിടം ഇണ്ടക്ക് മുക്കിലാണ് ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ഗ്രന്ഥശാല .എൻ .കെ .പ്രേമചന്ദ്രൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് മനോഹരമായ മൂന്ന് നില കെട്ടിടം നിർമ്മിച്ചത്. ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ഗ്രന്ഥശാല, റീഡിംഗ് ഹാൾ, ഏറ്റവും മുകളിലെ നിലയിൽ മിനി കോൺഫറൻസ് ഹാൾ എന്നിവയുമുണ്ട്.
1984 ഒക്ടോബർ 23-ന് അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന സി.വി.പത്മരാജൻ ഗ്രന്ഥശാല പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു.ഇത്തിക്കര ബ്ലോക്കിന്റെ എൻ.ആർ.ഇ പി.പദ്ധതിയും ഇതിന് വേണ്ടി വിനിയോഗിച്ചു.ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് ലൈബ്രറിയേനെ നിയമിച്ചു. ഗ്രന്ഥശാലയുടെ പ്രവർത്തനം നല്ല നിലയിൽ പുരോഗമിച്ചു വരികയും ചെയ്തു. ലൈബ്രേറിയൻ വിരമിച്ചതോടെ പ്രവർത്തനം അവതാ ള ത്തിലായി
. പുതിയ ലൈബ്രറിയേനെ പഞ്ചായത്ത് നിയമിച്ചില്ല.ഇതോടെ വർഷങ്ങളായി ഗ്രന്ഥശാല അടഞ്ഞുകിടക്കുകയാണ്. പുസ്തകങ്ങൾ നശിക്കുന്നു. കെട്ടിടത്തിന് ചുറ്റും കാടായി. മാലിന്യങ്ങളും പാഴ് വസ്തുക്കളും നിക്ഷേപിക്കാനുള്ള ഇടമായി.നിസാര കാരണം കൊണ്ടാണ് ജനങ്ങൾക്ക് പ്രയോജനപ്പെടേണ്ട ഈ സ്ഥാപനം നശിക്കുന്നതെന്ന് ആദിച്ചനല്ലൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.സുന്ദരേശൻ പിള്ള ആരോപിച്ചു.
ഒരു ലൈബ്രേറിയ നെ നിയമിച്ചാൽ ഗ്രന്ഥശാലയുടെ പ്രവർത്തനം സുഗമമാകും. പക്ഷേ പഞ്ചായത്ത് അതിന് തയാറാകുന്നില്ലെന്നും മുൻ പഞ്ചായത്ത് പ്രസിഡന്റ് കുറ്റപ്പെടുത്തി.ദേശീയപാതക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ ഗ്രന്ഥശാല കെട്ടിടം പൊളിക്കേണ്ടി വരും.അതാണ് ലൈബ്രേറിയേനെ നിയമിക്കാത്തതിന് കാരണമെന്ന് ആദിച്ചനല്ലൂർ പഞ്ചായത്ത് സെക്രട്ടറി ബിജു.സി.നായർ പറഞ്ഞു.