ആവശ്യത്തിനും അനാവശ്യത്തിനും അക്കൗണ്ട് ഉടമകളുടെ കൈയില്‍ നിന്ന് ബാങ്കുകള്‍ പിഴ ഈടാക്കുന്നു എന്ന തരത്തിലുള്ള പരാതികള്‍ വളരെയധികം വ്യാപകമാണ്. പിഴ ശല്യം കാരണം അക്കൗണ്ട് ഉപേക്ഷിക്കേണ്ട അവസ്ഥ പോലും പലര്‍ക്കും ഉണ്ടാവുന്നുണ്ടെന്ന രീതിയിലും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കുന്ന വസ്തുത പുറത്തു വന്നിരിക്കുന്നു. പിഴയിനത്തില്‍ മാത്രം രാജ്യത്തെ ബാങ്കുകള്‍ ഈടാക്കിയത് ഏകദേശം 4990.55 കോടിരൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ 21 പൊതുമേഖലാ ബാങ്കുകള്‍ മാത്രം ഉപഭോക്താക്കളില്‍ നിന്ന് 3550.99 കോടി രൂപ ഈടാക്കിയിട്ടുണ്ടത്രേ.
ഇതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ തുക ഈടാക്കിയത് എസ്.ബി.ഐ ആണ്. പിഴയിനത്തില്‍ എസ്.ബി.ഐ ഈടാക്കിയത് 2,433 കോടിരൂപയാണ്. സ്വകാര്യ ബാങ്കുകളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. സ്വകാര്യ ബാങ്കുകള്‍ പിഴയിനത്തില്‍ ഈടാക്കിയത് 11,500 കോടിരൂപയാണ്. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് എച്ച്.ഡി.എഫ്.സി ബാങ്കാണ്.
പൊതുമേഖലാ ബാങ്കുകളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കാണ് മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്നും പിഴയീടാക്കുന്നതില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ബാങ്കുകള്‍ സ്വകാര്യ വ്യക്തികളില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകകളെപ്പറ്റി എ സമ്പത്ത് എം.പി ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. കേന്ദ്ര ധനമന്ത്രാലയമാണ് ബാങ്കുകളുടെ ഈ പിഴയീടാക്കല്‍ സമ്പ്രദായത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടത്.