പാലാ: കംഫർട്ട് സ്റ്റേഷനിൽ സാമൂഹ്യവിരുദ്ധരുടെയും അനാശാസ്യക്കാരുടെയും ശല്യം. നാട്ടുകാർ പൊറുതിമുട്ടുന്നു.
പാലാ വലിയ പാലത്തിനു താഴെ റിവർവ്യു റോഡിൽ നഗരസഭ വക കംഫർട്ട് സ്റ്റേഷനാണ് അനാശാസ്യക്കാരും സാമൂഹ്യ വിരുദ്ധരും കൈയടക്കിയിരിക്കുന്നത്. ഇതുമൂലം പൊതുജനങ്ങൾക്കും സമീപത്തെ വ്യാപാരികൾക്കും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത അവസ്ഥയാണ്.
നഗരത്തിലെ മുഴുവൻ അനാശാസ്യക്കാരുടെയും പുതിയ താവളം ഈ കംഫർട്ട് സ്റ്റേഷനാണ്. ഇവിടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനായി എത്തുന്നവരെ അനാശാസ്യക്കാർ അകത്തേക്ക് പ്രവേശിപ്പിക്കില്ല. അസഭ്യവർഷം ചൊരിഞ്ഞ് ഓടിക്കുകയാണ്. അനാശാസ്യക്കാരെ കാണുന്നതു മൂലം സ്ത്രീകളും കുട്ടികളും കാര്യം സാധിക്കാതെ മടങ്ങിപ്പോകുന്ന കാഴ്ച പതിവാണ്. ഇവിടെയെത്തുന്നവരെ ആക്രമിക്കുന്നതായും പരാതിയുണ്ട്.
പലപ്പോഴും വാതിലുകൾ അകത്തു നിന്നും അടച്ചു പൂട്ടിയ നിലയിലാണ്. വാതിലുകളും മൂത്രപ്പുരയുടെയും കക്കൂസിന്റെയും ക്ലോസറ്റുകളും മറ്റും ഇവർ നശിപ്പിച്ചിരിക്കുന്നതിനാൽ കംഫർട്ട് സ്റ്റേഷൻ വൃത്തിഹീനമാണ്. പാലത്തിനോടു ചേർന്നുള്ള ന്യൂ മുനിസിപ്പൽ കോംപ്ലക്സിലെ വ്യാപാരികൾ പ്രാഥമിക ആവശ്യങ്ങൾക്കായി ഇവിടെയാണ് എത്തുന്നത്.
അതേ പോലെ ജനറൽ ആശുപത്രി അടുത്തായതിനാൽ രോഗികളുടെ കൂട്ടിരിപ്പുകാരും ബസ്, ഓട്ടോ ടാക്സി തൊഴിലാളികളും ഒക്കെ ഇവിടെയാണ് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നത്. കൊട്ടാരമറ്റം,ടൗണ് ബസ്സ്റ്റാൻഡുകൾക്കു പുറമേയുള്ള നഗരസഭയുടെ കംഫർട്ട് സ്റ്റേഷനാണിത്. നാട്ടുകാരും വ്യാപാരികളും പല തവണ പോലീസിനും നഗരസഭ അധികൃതർക്കും പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയുമുണ്ടായില്ലെന്ന് പരാതിയുണ്ട്.
അനാശാസ്യക്കാർക്കു പുറമേ പ്രകൃതിവിരുദ്ധക്കാരും കഞ്ചാവു വിൽപ്പനക്കാരും പകലും രാത്രിയും ഇവിടെ തന്പടിക്കുകയാണ്. മദ്യപശല്യവുമുണ്ട്. രാത്രികാലത്ത് ഇവിടെ വെളിച്ചം കുറവായത് ഇത്തരക്കാർക്ക് സൗകര്യവുമാണ്.
ടൗണിലെ പ്രധാന ഭാഗത്ത് സ്ഥതി ചെയ്യുന്ന ഈ കംഫർട്ട് സ്റ്റേഷനിലെ അനാശാസ്യക്കാരെയും മറ്റും നിയന്ത്രിച്ച് പൊതുജനത്തിനു പ്രയോജനപ്രദമായ രീതിയിൽ ആക്കുവാൻ നഗരസഭയും പോലീസും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.