
കോവിഡ് ബാധിതരുടെ എണ്ണവും മരണവും രാജ്യത്ത് കൂടുന്ന സാഹചര്യത്തില്‍ രാജ്യത്തെ പൊതുഗതാഗതസംവിധാനങ്ങള്‍ മെയ് 15 നിര്‍ത്തിവയ്ക്കണമെന്ന് ശിപാര്‍ശയുമായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി.
വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവ അടച്ചിടണം എന്നാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം പൊതുസ്ഥലങ്ങള്‍ മൂന്നാഴ്ച കൂടി അടച്ചിടണമെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം ലോക്ക് ഡൗണ്‍ രണ്ടോ മൂന്നോ ആഴ്ച കൂടി നീട്ടിയാലും രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
അവശ്യസാധനങ്ങളൊന്നും തന്നെ ക്ഷാമമില്ലെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ വേണ്ടത്ര ഭക്ഷ്യധാന്യങ്ങള്‍ നിലവില്‍ സ്റ്റോക്കുണ്ടെന്നും കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്ക് ഡൗണ്‍ നീട്ടാനുള്ള തീരുമാനത്തെ അംഗീകരിക്കുന്നുവെങ്കിലും അവശ്യവസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറികള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യവസായികളുടെ സംഘടനയായ ഫിക്കി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വലിയ അടിസ്ഥാനസൗകര്യ പദ്ധതികളുടെ നിര്‍മ്മാണം വീണ്ടും തുടങ്ങണമെന്നും ഫിക്കി ആവശ്യമുന്നയിച്ചിട്ടുണ്ട്.
കേരളത്തില്‍ മൂന്നു ഘട്ടങ്ങളിലായി മാത്രമേ ലോക്ക് ഡൗണ്‍ പിന്‍വലിക്കാവൂ എന്ന് കേരള സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.