മോസ്കോ: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന് കാർ സമ്മാനിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് കാർ നൽകിയതെന്ന് ഔദ്യോഗിക മാധ്യമങ്ങൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.
റഷ്യൻ നിർമിത കാർ ഫെബ്രുവരി 18 ന് കിമ്മിന്റെ സഹായികൾക്ക് പുടിൻ കൈമാറിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ഉന്നത നേതാക്കൾ തമ്മിലുള്ള പ്രത്യേക വ്യക്തിബന്ധത്തിന്റെ വ്യക്തമായ പ്രകടനമായി ഈ സമ്മാനത്തെ കാണുന്നുവെന്ന് കിമ്മിന്റെ സഹോദരി പ്രതികരിച്ചതായും കെസിഎൻഎ സൂചിപ്പിക്കുന്നു.
അതേസമയം, കാറിനെക്കുറിച്ചോ റഷ്യയിൽ നിന്ന് അത് എങ്ങനെ കയറ്റി അയച്ചുവെന്നോ റിപ്പോർട്ടിൽ വിവരിച്ചിട്ടില്ല. ആഡംബര വിദേശ വാഹനങ്ങളുടെ ഒരു വലിയ ശേഖരമാണ് ഉത്തരകൊറിയൻ ഭരണാധികാരിക്കുള്ളത്.
സെപ്റ്റംബറിൽ കിമ്മും പുടിനും കൂടിക്കാഴ്ച നടത്തിയതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ അടുത്തിരുന്നു. യുക്രെയ്നിനെതിരായ യുദ്ധത്തിൽ ഉപയോഗിക്കുന്നതിന് ഉത്തരകൊറിയ റഷ്യയ്ക്ക് പീരങ്കികളും റോക്കറ്റുകളും ബാലിസ്റ്റിക് മിസൈലുകളും വിതരണം ചെയ്യുന്നുണ്ടെന്നാണ് സൂചന.
എന്നാൽ റഷ്യയിലേക്കുള്ള ആയുധ കയറ്റുമതി ആരോപണത്തെ ഉത്തരകൊറിയ നിഷേധിക്കുന്നുണ്ട്. യുക്രെയ്നിലെ റഷ്യയുടെ കടന്നുകയറ്റവും ഉത്തരകൊറിയയുടെ ആണവായുധ വികസനവും മൂലം ഇരുരാജ്യങ്ങളെയും അന്താരാഷ്ട്ര മേഖലയിൽ ഒറ്റപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ്എല്ലാ മേഖലകളിലും കൈമാറ്റം പ്രോത്സാഹിപ്പിക്കുമെന്ന് ഇരുരാജ്യങ്ങളും പ്രതിജ്ഞയെടുത്തത്.