മിണ്ടാപ്രാണികളോട് വേണോ ഈ ക്രൂരത? പ്രായമാകുമ്പോള്‍ വളര്‍ത്തു നായ്ക്കളെ തെരുവിലെറിയുന്ന സമൂഹം, ഈ പഗിന്റെ കഥയിലൂടെ മനസിലാക്കിയിരിക്കേണ്ട ചിലത്

വളര്‍ത്തുമൃഗങ്ങളോട് ആളുകള്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് പ്രത്യേകം ഇഷ്ടമുണ്ട്. നായ്ക്കളോടാണെങ്കില്‍ ആ ഇഷ്ടം അല്‍പ്പം കൂടും. എന്ത് വില കൊടുത്തും മുന്തിയ ഇനം നായ്ക്കുട്ടികളെ വാങ്ങി അവയെ ഓമനിച്ച് വളര്‍ത്താന്‍ തയാറാവുന്നവരാണ് ഇന്ന് നല്ലൊരു ശതമാനം മലയാളികളും. എന്നാല്‍ സമൂഹത്തിന്റെ പ്രധാന ശാപങ്ങളിലൊന്നായ ഉപഭോഗസംസ്‌കാരത്തിന്റെ ഇരകളാകാന്‍ ഈ മിണ്ടാപ്രാണികളും വിധിക്കപ്പെട്ടിരിക്കുകയാണ്.

മെട്രോ നഗരങ്ങളിലാണ് ഇത്തരത്തിലുള്ള ഇരകളുടെ എണ്ണം കൂടുതല്‍. മുന്തിയ ഇനത്തില്‍ പെട്ട് നായകളെ വാങ്ങി, വളര്‍ത്തി, പ്രായമാകുമ്പോള്‍ കണ്ണില്‍ച്ചോരയില്ലാതെ പെരുവഴിയില്‍ ഉപേക്ഷിക്കുന്ന പ്രവണതയാണത്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ പലയിടത്തും, തെരുവുകളില്‍ പ്രായമായ റോട്ട് വീലര്‍, ലാബ്രഡോര്‍, പഗ് തുടങ്ങിയ നായകളെ കാണാന്‍ സാധിക്കും.

പ്രായമായ നായ്ക്കള്‍ക്ക് പുറമേ, അസുഖം ബാധിച്ചവയും മുറിവേറ്റതുമായ നായകളെയും ആളുകള്‍ ഉപേക്ഷിക്കുന്നുണ്ട്. നായയെ പരിപാലിക്കാനുള്ള പണച്ചെലവ് താങ്ങാനാവാതെ വരുമ്പോള്‍ ഉപേക്ഷിക്കുന്നവര്‍ പോലുമുണ്ട്. വാങ്ങാനാളില്ലെന്നതാണ് ഇത്തരക്കാര്‍ നിരത്തുന്ന ന്യായം. പലപ്പോഴും ഇത്തരം നായകളെ കണ്ടുമുട്ടുന്ന, മൃഗസ്‌നേഹികളാണ് അവയെ ഏറ്റെടുത്ത്, വേണ്ട ശുശ്രൂഷകള്‍ നല്‍കി പരിപാലിക്കാറ്.

സമാനമായ രീതിയില്‍ മൃഗസ്‌നേഹിയായ ഒരു യുവതി ഇക്കഴിഞ്ഞ ദിവസം പാലക്കാട് വെറ്റിനറി ആശുപത്രിയില്‍ കണ്ടെത്തിയ, കാഴ്ചശക്തി നഷ്ടപ്പെട്ട ഒരു പഗിനെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ച ഒരറിയിപ്പ് ആ പഗിന് തുണയാവുകയുണ്ടായി. തനിക്ക് സഹായിക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പിടുന്നതെന്നും സന്മനസുള്ളവര്‍ പഗിനെ ഏറ്റെടുക്കണമെന്നും അറിയിച്ച് കൃഷ്ണ പ്രിയ എന്ന യുവതി, Pet Adoption Kerala എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച ചിത്രങ്ങളടങ്ങിയ കുറിപ്പാണ് ആ മിണ്ടാപ്രാണിയ്ക്ക് രക്ഷയായത്.

കുറിപ്പ് ശ്രദ്ധയില്‍ പെട്ട മറ്റൊരു മൃഗസ്‌നേഹിയായ മനുഷ്യന്‍, വെറ്ററിനറി ആശുപത്രിയിലെത്തി, രണ്ട് കണ്ണിനും കാഴ്ച നഷ്ടപ്പെട്ട, മൂന്ന് ദിവസമായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള പഗിനെ ഏറ്റെടുക്കുകയായിരുന്നു. ആദ്യം തന്നെ റാബീസ് കുത്തിവയ്പ്പ് എടുത്ത്, കുളിപ്പിച്ച് വെള്ളം നല്‍കിയപ്പോള്‍ പഗ് വീണ്ടും ഉഷാറായെന്ന് അദ്ദേഹം പറയുന്നു. മോശം അവസ്ഥയില്‍ നിന്ന് ഉയര്‍ന്ന് വന്നതുകൊണ്ട് റൈസി എന്ന് പേര് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഇത്തരത്തില്‍ നായകളെ വളര്‍ത്തുന്നവര്‍ക്ക് അവ ഒരു ഭാരമായി തോന്നിയാല്‍ അവയെ തെരുവില്‍ ഉപേക്ഷിക്കാതെ ആവശ്യക്കാരെ കണ്ടെത്തി കൈമാറാനാണ് ശ്രമിക്കേണ്ടത്. അതുപോലെ തന്നെ തെരുവില്‍ അലയുന്ന നിലയില്‍ നായകളെ കണ്ടെത്തിയാല്‍ കഴിയുന്ന രീതിയില്‍ അവയെ സഹായിക്കാനും പറ്റുമെങ്കില്‍ മേല്‍പ്പറഞ്ഞ യുവതി ചെയ്തതുപോലെ മൃഗസ്‌നേഹികളായവരെ ഇക്കാര്യം അറിയിക്കാനെങ്കിലും ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു.

Related posts