കൂത്തുപറമ്പ്: പിണറായിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സഹോദരങ്ങളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് സംസ്കരിക്കും.
തലശേരി ജനറൽ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തുക. പിണറായി കിഴക്കുംഭാഗത്തെ രാധിക നിവാസിൽ സുകുമാരൻ (59), സഹോദരൻ രമേശൻ (55) എന്നിവരെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
രമേശനെ തൂങ്ങിമരിച്ച നിലയിലും സുകുമാരനെ കട്ടിലിൽ മരിച്ചു കിടക്കുന്നതായുമാണ് കണ്ടെത്തിയത്.രമേശൻ സുകുമാരനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സുകുമാരന്റെ ശരീരത്തിൽ ബ്ലേഡ് കൊണ്ട് മുറിവേറ്റതിന്റെ പാടുകളും രക്തക്കറകളും ഉണ്ട്. മുറിക്കകത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പിണറായി എസ്ഐ കെ.വി.ഉമേശൻ പറഞ്ഞു.
വീട്ടിൽ ഇരുവരും മാത്രമേ താമസമുണ്ടായിരുന്നുള്ളൂ. അൽപം മാനസിക അസ്വാസ്ഥ്യമുള്ള ആളാണ് സുകുമാരൻ. ഇവർക്ക് രണ്ട് സഹോദരിമാരുമുണ്ട്.
ഇവരെ തൃശൂരിലെ അഗതിമന്ദിരത്തിൽ താമസിപ്പിച്ചു വരികയായിരുന്നു ഇവർ.രമേശനെ ആത്മഹത്യയിലേക്ക് എത്തിച്ച കാരണമെന്തെന്നും വ്യക്തമായിട്ടില്ല.
രണ്ടു ദിവസം മുമ്പ് രമേശൻ ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ അയൽവാസിയെ ഏൽപ്പിച്ചിരുന്നതായി പറയുന്നു. പരേതരായ കൃഷ്ണന്റെയും കല്യാണിയുടെയും മക്കളാണ് മരിച്ച സുകുമാരനും രമേശനും. സഹോദരിമാർ: രാധ, സുജാത.