കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വന്‍ തീപിടിത്തമുണ്ടായതിനെ തുടർന്നുള്ള പുക കൊച്ചി നഗരത്തിൽ വ്യാപിക്കുന്നു. ചമ്പക്കര, വൈറ്റില, മരട്, കുണ്ടന്നൂർ, കടവന്ത്ര, അമ്പലമുകൾ, എംജി റോഡ് പ്രദേശങ്ങളിലാണ് പുക ശല്യം വ്യാപിച്ചിരിക്കുന്നത്.
പുകയേറ്റ് ആളുകൾ കണ്ണെരിച്ചിലും അസ്വസ്ഥതകളും പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പ്ലാന്റിലെ പ്ലാസ്റ്റിക് സംസ്കരിക്കുന്ന മേഖലയിലാണ് വെള്ളിയാഴ്ച തീപിടിത്തം ഉണ്ടായത്. അഗ്നിശമനസേന യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പൂർണമായും അണക്കാൻ സാധിച്ചിട്ടില്ല. തീ അണക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.
വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് തീപിടിത്തം ഉണ്ടായത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് നാലാം തവണയാണ് മാലിന്യ കൂമ്പാരത്തിന് തീപിടിക്കുന്നത്.