പുതുക്കാട്: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ മണലിപ്പുഴയ്ക്കു കുറുകെ പുലക്കാട്ടുകര പാലം യാഥാർഥ്യമാവുന്നു. നെന്മണിക്കര – തൃക്കൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമാകുന്നതോടെ ദേശീയപാത തലോരിൽ നിന്ന് ആന്പല്ലൂരിലേക്ക് സമാന്തരപാതയായി മാറും.
ഈ പാലം നിർമാണം പൂർത്തിയായാൽ പാലിയേക്കരയിൽ ടോൾ അടക്കാതെ വാഹനങ്ങൾക്ക് ഇതുവഴികടന്നുപോവാനാവും. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ടാറിംഗ് മാത്രമാണ് ഇനി ബാക്കിയുള്ളത്.
കേരളത്തിൽ പുഴയ്ക്കുകുറുകെ തൂണുകളില്ലാതെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന ഏറ്റവും നീളം കൂടിയ ബോക്സ് ഗർഡർ പാലമാണിത്. നബാർഡ് ഐആർഡിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 3.75 കോടിചെലവിലാണ് പാലം നിർമിക്കുന്നത്.
നബാർഡിന്റെ മൂന്നു കോടിയും സംസ്ഥാന സർക്കാരിന്റെ 75 ലക്ഷവും ഉൾപ്പെടുന്നതാണ് ഫണ്ട്. മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പ്രത്യേകതാൽപര്യമെടുത്തതോടെയാണ് പാലം യാഥാർഥ്യമാവുന്നത്. മണലിപ്പുഴയ്ക്കു കുറുകെ 46 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്. 9.1 മീറ്ററാണ് വീതി. ഇരുഭാഗങ്ങളിലും നടപ്പാലവുമുണ്ട്.
പാലത്തിന്റെ പൈലിംഗ് 2018ലാണ് നടന്നത്. എന്നാൽ പ്രളയംവന്നതോടെ പ്രവൃത്തികൾ മന്ദഗതിയിലായെങ്കിലും പിന്നീട് ഉഷാറായി. പാലത്തോട് അനുബന്ധിച്ച് 80 മീറ്റർ വീതിയിൽ ഇരുഭാഗങ്ങളിലും അപ്രോച്ച് റോഡും നിർമിക്കും. ഇതിനായി തൃക്കൂർ പഞ്ചായത്ത് 11.5 സെന്റ് ഭൂമി ഏറ്റെടുത്ത് റവന്യൂവകുപ്പിന് കൈമാറിയിരുന്നു.
നെന്മണിക്കര പഞ്ചായത്ത് മേഖലയിൽ ഇറിഗേഷൻ വകുപ്പിന്റെ ഒന്പതര സെന്റ് പുറന്പോക്ക് ഭൂമിയും ഒന്നരസെന്റ് സ്വകാര്യഭൂമിയും ഏറ്റെടുത്തിരുന്നു.പാലിയേക്കരയിൽനിന്ന് രണ്ടുകിലോമീറ്ററാണ് ഈ പാലത്തിലേക്കുള്ള ദൂരം. ഈ പാലം കടന്നാൽ കല്ലൂർവഴി 2.5 കിലോമീറ്റർ പിന്നിട്ടാൽ ആന്പല്ലൂർ ജംഗ്ഷനിലെത്താം.
വലിയ ഭാരവാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങൾക്ക് ഇതുവഴി പോവാനാവും. പാലിയേക്കരയിലെ ടോൾപാതക്ക് സമാന്തപാതയായി ഇതു മാറുകയും ചെയ്യും. ജൂണിൽ പാലം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുകയാണ് ലക്ഷ്യം. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം കൂടിയാണ് യാഥാർഥ്യമാവുന്നത്.