പുതുക്കാട്; പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം മണലിപ്പുഴയ്ക്കു കുറുകെ നെന്മണിക്കര,തൃക്കൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുലക്കാട്ടുകര പാലത്തിന്റെ നിർമാണം ആരംഭിച്ചു. പാലത്തിന്റെ അസ്ഥിവാരം നിർമിക്കുന്ന ജോലികളാണ് ഇന്നലെ ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പ്രവൃത്തികൾ നടക്കുന്നത്.
നബാർഡിന്റെ മൂന്നു കോടിയും സംസ്ഥാന സർക്കാരിന്റെ 75 ലക്ഷവും ഉൾപ്പെടെ 3.75 കോടി രൂപയ്ക്ക് മരത്താക്കരയിലെ ജഐംജെ അസോസിയേറ്റ്സാണ് കരാർ എടുത്തിരിക്കുന്നത്.12 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി.കേരളത്തിൽ ഒരു പുഴയ്ക്കുകുറുകെ തൂണുകളില്ലാതെ പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന ഏറ്റവും നീളം കൂടിയ ബോക്സ് ഗർഡർ പാലം എന്ന പ്രത്യേകത പുലക്കാട്ടുകരയിൽ പണിയുന്ന പാലത്തിനുണ്ട്.
മണലിപ്പുഴയ്ക്കുകുറുകെ 46 മീറ്റർ നീളത്തിൽ പുഴയിൽ തൂണുകളില്ലാതെയാണ് നിർദിഷ്ട പാലം നിർമിക്കുന്നത്.പാലത്തിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ 7.5 മീറ്റർ വീതിയുണ്ടാകും.പാലത്തിൽ ഫുട്പാത്ത് ഒരുക്കിയിട്ടില്ല.പകരം ഇറിഗേഷൻ റഗുലേറ്ററിലെ പഴയ നടപാലം കാൽനടയാത്രക്കാർ ഉപയോഗിക്കണം.
ഏറെനാളത്തെ കാത്തിരിപ്പുനുശേഷം പാലം പണി തുടങ്ങിയതിന്റെ ആഹ്ലാദത്തിലാണ് കല്ലൂർ, പുലക്കാട്ടുകര നിവാസികൾ. പാലം നിർമ്മാണം പൂർത്തിയാവുന്നതോടെ പാലിയേക്കര ടോൾ പ്ലാസക്ക് സമാന്തരമായി ടോൾഫ്രീ പാതയാണ് യാഥാർത്ഥ്യമാകുന്നത്.