വെഞ്ഞാറമൂട്: കഴിഞ്ഞ ഒരാഴ്ചയായി കിളിമാനൂർ മേഖലയിൽ ഭീതി പടർത്തുന്ന അജ്ഞാതജീവി പുലിയാകാമെന്ന സംശയത്തിൽ ജാഗ്രത നിർദേശം നൽകി വനംവകുപ്പ്.
ഇന്നലെ പുലർച്ചെ താളികുഴി കടലുകാണിപ്പാറക്ക് സമീപം പാങ്ങോട് പോലീസ് സ്റ്റേഷനിലെ സിപിഒ സിന്ധുവിന്റെ വീട്ടിലെ രണ്ട് ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നു ഭക്ഷിച്ചു.
പൂച്ച വർഗത്തിൽപ്പെട്ട ഏതോ വന്യജീവിയാകാം ആടുകളെ കൊന്നത് എന്നാണ് വനപാലകരുടെ നിഗമനം .കുറച്ചു ദിവസമായി മേഖലയിൽ ചുറ്റിത്തിരിയുന്നത് പുലിയോട് സാദൃശ്യമുള്ള വള്ളിപ്പൂച്ചയാണെന്നാണ് ആദ്യം കരുതിയിരുന്നത്.
എന്നാൽ സാധാരണ വലിപ്പമുള്ള ആടുകളെ ഇത്തരത്തിൽ കീഴ്പ്പെടുത്തി സാധാരണ വള്ളി പൂച്ചകൾക്ക് കഴിയാറില്ല. അതിനാൽ ആടുകളെ കൊന്നത് പുലി തന്നെയാകാം എന്ന് സംശയം ബലപ്പെടുകയാണ്.
ഈ സാഹചര്യത്തിലാണ് വനംവകുപ്പ് അധികൃതർ ഇപ്പോൾ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.
അതിരാവിലെ ടാപ്പിങ്ങിനായി പുറത്തു പോകരുതെന്നും രാവിലെ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നുംകൊച്ചുകുട്ടികളെ പകൽപോലും പുറത്ത് ഒറ്റയ്ക്ക് വിടരുതെന്നും സന്ധ്യകഴിഞ്ഞാൽ ആവശ്യമില്ലാതെ ആരും പുറത്തിറങ്ങരുതെന്ന് അധികൃതർ പറഞ്ഞു.
ജീവികളെ കാണുകയോ ശബ്ദം കേൾക്കുകയോ ചെയ്താൽ സുരക്ഷിതമായ സ്ഥലങ്ങളിൽ ഇരുന്നു അവരെ നിരീക്ഷിക്കുകയും കഴിയുമെങ്കിൽ ചിത്രം പകർത്തുകയും വിവരം പാലോട് ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
കിളിമാനൂർ , വാമനപുരം മേഖലകൾക്ക് പുറമേ കല്ലറപാങ്ങോട് പ്രദേശങ്ങളിലെ ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് റേഞ്ച് ഓഫീസർ അജിത് കുമാർ അറിയിച്ചു,