ഇരിട്ടി: കോളിക്കടവ് ചെന്നലക്കോട് പുലിയെ കണ്ടതായി അഭ്യൂഹം. ഇന്നലെ രാത്രി പത്തോടെ ബൈക്ക് യാത്രികനാണ് പുലിയ കണ്ടതായി നാട്ടുകാരോടു പറഞ്ഞത്. ഇതേ തുടർന്നു നാട്ടുകാർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും വന്യജീവികളെയൊന്നും കണ്ടെത്തിയില്ല. എന്നാൽ ഏതോ ജീവിയുടേതെന്നു തോന്നിപ്പിക്കുന്ന കാൽപ്പാട് കണ്ടെത്തിയിട്ടുണ്ട്.
ഇതിനു ശേഷം മറ്റൊരു ബൈക്ക് യാത്രികനും പുലിയെ കണ്ടതായി പറഞ്ഞു. കോളിക്കടവ് ടൗണിനടുത്ത് വച്ചു പുലി റോഡ് മുറിച്ചു കാടന്നു തെങ്ങോല റോഡിലേക്ക് കടന്നു പോകുന്നതു കണ്ടെന്നാണ് ഇയാൾ പറയുന്നത്. വിവരമറിഞ്ഞു വനപാലകരും പോലീസും സ്ഥലത്തെത്തിയിരുന്നു. കാൽപാടുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വന്യജീവി കാട്ടുപൂച്ചയാണെന്നാണ് പ്രഥമിക നിഗമനം. വിശദമായ പരിശോധന ഇന്നു നടത്തും.
വിശദ പരിശോധനയിൽ മാത്രമേ വന്യജീവിയേതാണെന്നു മനസിലാക്കാനാവൂ എന്നു ഇരിട്ടി സെക്ഷൻ ഫോറസ്റ്റർ മനോഹരൻ കോട്ടത്ത് പറഞ്ഞു.കേരള കർണാടക അതിർത്തി വനമേഖലകളിലെ കാട്ടുതീയും വനത്തിലെ വരൾച്ചയും കാരണം വന്യജീവികൾ കുടിവെള്ളത്തിനും ഇരയക്കുമായി കാടിറങ്ങുന്നത് വ്യാപകമാണ്.
കാട്ടാന, കാട്ടുപോത്തേ്, കാട്ടുപന്നി, തുടങ്ങിയ മലയോര മേഖലയിലെ ജനവാസ മേഖലയിലിറങ്ങിയത് ജനങ്ങളെ ഏറെ ഭീതിയിലാക്കുന്നുണ്ട്. ഇതിനിടെ പുലിയിറങ്ങിയതായുള്ള അഭ്യൂഹം കൂടി പരന്നതോടെ മലയോര ജനതയുടെ ഭീതി ഇരട്ടിക്കുകയാണ്.