പാലപ്പിള്ളി (തൃശൂർ): കാരിക്കുളം പത്തുമുറി റബ്ബർ എസ്റ്റേറ്റിൽ വീണ്ടും പുലിയിറങ്ങി പശുവിനെ പിടിച്ചു. എസ്റ്റേറ്റ് ആശുപത്രിക്കു പുറകുവശത്താണ് പുലിയിറങ്ങി പശുവിനെ പിടിച്ചത്. രാവിലെ ടാപ്പിംഗിനായി ഇറങ്ങിയ തൊഴിലാളികളാണ് പശുവിനെ പുലിപിടിച്ച നിലയിൽ കണ്ടെത്തിയത്. അലഞ്ഞുനടന്നിരുന്ന പശുവിനെയാണ് പിടിച്ചത്.
കഴിഞ്ഞ ആഴ്ച പത്തുമുറി പാഡിക്ക് സമീപം തെങ്ങിൻതോപ്പിൽ പുലി ഇറങ്ങി പശുവിനെ പിടിച്ച സ്ഥലത്ത് പുലിക്കെണി സ്ഥാപിച്ചിരുന്നു ഇതിന് സമീപത്ത് തന്നെയാണ് ഇപ്പോൾ പുലി പശുകുട്ടിയെ പിടിച്ചിരിക്കുന്നത്. തിങ്കളാഴ്ച കാരികുളം ഒന്നാംകാട് ഭാഗത്ത് രണ്ട് പുലികളെയാണ് കണ്ടത്.
വെളുപ്പിന് ആറരയോടെ പറന്പ് വെട്ടി തെളിക്കാനെത്തിയ ഉൗരാളത്ത് കരീം, ഭാര്യ സുബൈദ എന്നിവർ പുലികൾക്കു മുന്നിൽപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ആറ് കിലോമീറ്ററിനുള്ളിൽ പുലിയിറങ്ങി മാനുകളും പശുക്കളുമായി അഞ്ചെണ്ണത്തിനെയാണ് കൊന്നൊടുക്കിയത്.
ഒരു പുലിക്കെണി കൂടി അടുത്ത ദിവസം സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന വളർത്തുമൃഗങ്ങളെ കെട്ടിയിടുന്നതിന് ഉടമസ്ഥർക്ക് നോട്ടീസ് നൽകുമെന്നും അധികൃതർ അറിയിച്ചു.ു