വടക്കഞ്ചേരി: കിഴക്കഞ്ചേരി കോട്ടേകുളം ഒടുകിൻചുവട് വീട്ടുമുറ്റത്തെത്തിയ പുലി പശുക്കുട്ടിയെ കടിച്ചുകൊന്നു. ഒടുകിൻചുവട് കൊച്ചുപറന്പിൽ ജോയിയുടെ ഒരുമാസം മാത്രം പ്രായമുള്ള പശുക്കുട്ടിയെയാണ് ഇന്നലെ പുലർച്ചെ പുലികൊന്നത്. വീടിനുമുന്നിൽ വരാന്തയോടു ചേർന്നാണ് പശുക്കുട്ടിയെ കെട്ടിയിരുന്നത്. വയർഭാഗം പുലി തിന്നിട്ടുണ്ട്. കയർ കുടുങ്ങി കിടന്നതിനാൽ പശുക്കുട്ടിയെ എടുത്തുകൊണ്ടുപോകാൻ പുലിക്ക് കഴിഞ്ഞില്ല.
പുലർച്ചെ നാലിന് പശുവിനെ കറക്കാനായി വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് പശുക്കുട്ടി ചത്തുകിടക്കുന്നതു കണ്ടത്. ലൈറ്റിട്ടപ്പോൾ പുലി ഓടിപോയതാകുമെന്നാണ് കരുതുന്നത്. ജോയി വന്നുനോക്കുന്പോൾ പശുക്കുട്ടിയുടെ ശരീരത്തിൽ ചൂടുണ്ടായിരുന്നു.
കിഴക്കഞ്ചേരിയിലെ വെറ്ററിനറി ഡോക്ടർ സജിത്കുമാർ സ്ഥലത്തെത്തി ജഡം പോസ്റ്റുമോർട്ടം നടത്തി മറവുചെയ്തു. പശുക്കുട്ടിയെ കൊന്നത് പുലി തന്നെയാണെന്ന് ഡോക്ടർ പറഞ്ഞതായി ജോയി പറഞ്ഞു.പുലിയുടെ കാൽപ്പാടുകളും ജഡത്തിനു ചുറ്റുമുണ്ടായിരുന്നു. സാമാന്യം വലിപ്പമുള്ള പുലിയാണെന്നു വനപാലകരും സ്ഥിരീകരിച്ചു.
ഫോറസ്റ്റർ മോഹൻദാസ്, ബീറ്റ് ഫോറസ്റ്റർമാരായ എ.കണ്ണൻ, കെ.എഫ്.ഫിറോസ്, വാച്ചർ എ.കൃഷ്ണൻകുട്ടി എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കാനായി റിപ്പോർട്ട് നല്കുമെന്ന് അവർ പറഞ്ഞുനഷ്ടപരിഹാരത്തിന് അപേക്ഷ നല്കിയാൽ നല്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
മാടിന്റെ വലിപ്പം, ചത്തതുമൂലം ഉടമയ്ക്കുണ്ടാകുന്ന നഷ്ടം തുടങ്ങിയവ പരിഗണിച്ചാകും വില നിശ്ചയിക്കുക ടാപ്പിംഗ് തൊഴിലാളിയായ ജോയിയും കുടുംബവും പാൽവില്പനയും മറ്റുമായാണ് ഉപജീവനമാർഗം കണ്ടെത്തുന്നത്. ഒരുമാസം മുന്പ് ജോയിയുടെ വീടിനുസമീപമുള്ള എംഎസ്ടി വൈദിക സമൂഹത്തിന്റെ ദീപ്തി എസ്റ്റേറ്റിലെ വളർത്തുനായയെ പുലി പിടിച്ചിരുന്നു.
ഇവിടത്തെ സിസിടിവിയിലും പുലി വരുന്നതിന്റെ ദൃശ്യങ്ങളുണ്ട്. ഇവിടെ അടുത്തുതന്നെ പൂതനക്കയത്ത് കൊറ്റിക്കൽ പൗലോസിന്റെ വീട്ടിലെ ആടിനെ ഒരുമാസംമുന്പ് പുലി പിടിച്ചിരുന്നു.