അടിമാലി: കെണിയിൽപെടുത്തി പിടികൂടിയ പുലിയെ കൊന്ന് ഇറച്ചി പങ്കിട്ടെടുത്ത അഞ്ചംഗ സംഘം അറസ്റ്റിൽ. മാങ്കുളം മുനിപാറ കൊള്ളികൊളവിൽ വിനോദ്(45), ബേസിൽ ഗാർഡൻ വി.പി. കുര്യാക്കോസ് (74), പെരുന്പൻകുത്ത് ചെന്പൻ പുരയിടത്തിൽ സി.എസ്. ബിനു (50), മാങ്കുളം മലയിൽ സലി കുഞ്ഞപ്പൻ (54), വടക്കുംചാലിൽ വിൻസന്റ് (50) എന്നിവരെയാണ് വനപാലകർ അറസ്റ്റുചെയ്തത്. ഇതേസംഘം നേരത്തെ മുള്ളൻപന്നിയെ കൊന്നു കറിവച്ചിരുന്നു.
ഒന്നാം പ്രതിയായ വിനോദിന്റെ കൃഷിയിടത്തിൽ കെണിയൊരുക്കി സംഘം പുലിയെ പിടിക്കുകയായിരുന്നു. ആറുവയസുള്ള ആണ് പുലിയെയാണ് പിടികൂടിയത്. വനപാലകർക്ക് ലഭിച്ച രഹസ്യവിവരത്തേതുടർന്ന് നടത്തിയ അന്വേഷണത്തിൽ വിനോദിന്റെ വീട്ടിൽനിന്ന് പുലിത്തോലും ഇറച്ചിക്കറിയും പിടിച്ചെടുത്തു.
പിന്നീടുള്ള അന്വേഷണത്തിലാണ് മറ്റു പ്രതികളും അറസ്റ്റിലായത്. 10 കിലോഗ്രാം പുലിയുടെ മാംസം ഇവരിൽനിന്നും കണ്ടെത്തി. റേഞ്ച് ഓഫീസർ വി.ബി. ഉദയസൂര്യൻ, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ അജയഘോഷ്, ദിലീപ് ഖാൻ, ജോമോൻ, അഖിൽ, ആൽബിൻ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇരുന്പ് കേബിൾ ഉപയോഗിച്ചാണ് കെണി ഒരുക്കിയത്. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.