വെഞ്ഞാറമൂട്: പുലിപ്പേടി ഒഴിയാതെ വാമനപുരം, കിളിമാനൂർ, മുതുവിള മേഖലകൾ. കഴിഞ്ഞ ദിവസം പുലി സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ ഇന്ന് കാമറകൾ സ്ഥാപിക്കും. തുടർച്ചയായി അഞ്ചാം തവണയും മേഖലയിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ.
നാട്ടുകാരുടെ സംശയത്തെ ശരിവയ്ക്കും വിധം വെറ്റിനറി ഡോക്ടറുടെ മറു പടികൂടി വന്നതോടെ ഒരാഴ്ചയോളമായി മേഖലയിൽ ജനങ്ങളുടെ സ്വൈരജീവിതം കെടുത്തുന്നത് പുലിതന്നെയെന്ന് ഏറെക്കുറേ ഉറപ്പിച്ച് വനപാലകരും.കിളിമാനൂരിലെ പുളിമാത്ത് പഞ്ചായത്തിൽ പ്പെട്ട കടലുകാണിപ്പാറയിൽ കഴിഞ്ഞദി വസം രണ്ട് ആടുകളെ അജ്ഞാത ജീവി പിടികൂടി കടിച്ചുകൊന്നു.
മാംസം ഭക്ഷിച്ച് അവശിഷ്ടം അതേ സ്ഥലത്ത് ഉപേക്ഷി ച്ച് കടന്നു. ഇതോടെ കിളിമാനൂർ മേഖലയിൽ ജനങ്ങൾ പുലിപ്പേടിയിലാണ് ദിന രാത്രങ്ങൾ കഴിച്ചുകൂട്ടുന്നത്. ജനങ്ങളുടെ ഭീതി ഒഴിവാക്കാൻ വനം വകുപ്പ് അധികൃതർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.
പുളിമാത്ത് പഞ്ചായത്തിലെ കടലു കാണിപ്പാറക്ക് സമീപം, കാർത്തികയിൽ സിന്ധുവിന്റെ വീട്ടിലെ രണ്ട് ആടുകളെ യാണ് ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം അജ്ഞാത ജീവി ആക്രമിച്ച് കൊലപ്പെടുത്തിയത്. സിന്ധു പാങ്ങോട് പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയാണ്.
പുളിമാത്ത്, പഴയകുന്നുമ്മേൽ, കിളിമാനൂർ പഞ്ചായത്തുപ്രദേശങ്ങളിൽ ഒരാഴ്ചയോളമായി പുലിയിറങ്ങി യെന്നും രാത്രി കാലത്ത് അളുകൾ വീടിന് പുറത്തിറങ്ങരുതെന്നുമുള്ള വാർത്തകൾ പരന്നിരിക്കുകയായിരുന്നു. രാത്രിയിൽ വീടിന് പുറത്ത് ആടിന്റെ കരച്ചിൽ കേട്ടെങ്കിലും ഭയത്താൽ പുറത്തിറങ്ങിയില്ലെന്ന് സിന്ധു പറഞ്ഞു.
രാവിലെ ആട്ടിൻപുരയിൽ എത്തിയപ്പോഴാണ് രണ്ട് ആടുകളെ അജ്ഞാത ജീവി കൊന്നുതിന്ന നിലയിൽ കണ്ടത്. ഉടനെ സിന്ധു പാങ്ങോട് പോലീസിൽ വിവരം അറിയിച്ചു. പോലീസ് അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥ ർ സ്ഥലത്തെത്തി.
ഇതേ സമയം തന്നെ പെരിങ്ങമല സർക്കാർ ആശുപത്രിയിൽ നിന്നും വെറ്റിനറി ഡോക്ടറും സ്ഥലത്തെത്തി. പോലീസ് പ്രദേശത്തും നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. ഒരാഴ്ച മുൻപ് പുളിമാത്ത് പഞ്ചായത്തിലെ പുല്ലയിൽ പറക്കോട് കോളനിയിലാണ് ആദ്യമായി പുലിയെ കണ്ടെന്ന അഭ്യൂഹം ഉണ്ടായത്.
തുടർന്ന് കണിച്ചോട് മേഖലയിലും ,കഴിഞ്ഞ ദിവസം കിളിമാനൂർ വണ്ടന്നൂർ മേഖലയിലും പുലിയെ കണ്ടെന്ന വാർത്ത പരന്നിരുന്നു. വണ്ടന്നൂരിൽ ഒരു തെരുവ് നായയെ കൊന്ന് മാംസം ഭക്ഷിച്ച നിലയിലും കണ്ടിരുന്നു.പുല്ലയിൽ ,കണിച്ചോട് മേഖലയിൽ വനം വകുപ്പ് കാമറയും സ്ഥാപിച്ചിരുന്നു.