വടക്കാഞ്ചേരി: പാലക്കാട് അകത്തേത്തറ ഉമ്മിനിയിൽനിന്ന് അകമല വെറ്ററിനറി ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിച്ച പുലിക്കുഞ്ഞ് ചത്തു. മലബന്ധവും പനിയുമാണ് ആണ്പുലിക്കുഞ്ഞിന്റെ മരണത്തിനു വഴിവച്ചതെന്ന് അധികൃതർ പറഞ്ഞു.
ഉമ്മിനി ജനവാസമേഖലയിൽനിന്ന് കണ്ടെത്തിയ രണ്ടാഴ്ച മാത്രം പ്രായമുള്ള പുലിക്കുട്ടിയെ കഴിഞ്ഞ ജനുവരി പതിമൂന്നി നാണ് അകമല ക്ലിനിക്കിൽ എത്തിച്ചത്.
ഉമ്മിനിയിൽ കണ്ടെത്തിയ രണ്ടു പുലിക്കുഞ്ഞുങ്ങളിലൊന്നിനെ അമ്മപ്പുലി തിരികെ കൊണ്ടുപോയിരുന്നു.പുലിക്കുഞ്ഞിനെ പ്രത്യേകമൊരുക്കിയ മുറിയിൽ ഡോ. ഡേവിസ് അബ്രഹാമിന്റെ നേതൃത്വത്തിലാണു പരിചരിച്ചുവന്നത്.
വളരെ നല്ല രീതിയിൽ ഭക്ഷണം കഴിച്ചിരുന്ന പുലിക്കുട്ടി കഴിഞ്ഞ വെള്ളിയാഴ്ച മുതലാണു ഭക്ഷണം കഴിക്കാതെയായത്. ശനിയാഴ്ച പുലിക്കുഞ്ഞ് വളരെ ക്ഷീണിതയായിരുന്നു.
ഉടൻതന്നെ പുലിക്കുഞ്ഞിനെ ചികിത്സിച്ചിരുന്ന ഡോ. ഡേവിഡ് അബ്രാഹമിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി. മലബന്ധം വരുന്നതായും കുടലിൽനിന്ന് രക്തംവന്നുതുടങ്ങിയിരുന്നതായും ഡോക്ടർ പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 2.45നാണു പുലിക്കുട്ടി ചത്തത്. തൃശൂർ ഡിഎഫ്ഒയുടെ സാ ന്നിധ്യത്തിൽ ഇന്ന് മണ്ണുത്തി വെറ്ററിനറി സർജന്മാരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം സംസ്കരിക്കും.