അഗളി: വീട്ടുപരിസരത്ത് കെട്ടിയിട്ടിരുന്ന 200 കിലോ തൂക്കം വരുന്ന കാളയെ പുലി കൊന്നുതിന്നു. ഷോളയൂർ മേലെകുറവൻപാടിയിൽ കിഴക്കന്പലം പ്ലാന്േറഷനിലെ ജോണ് മാത്യുവിന്റെ കാളയെയാണ് പുലി പിടിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് കാളയെ കാണാതായത്. കനത്ത മഴയും മൂടൽ മഞ്ഞും കാരണം കൂടുതൽ തിരച്ചിൽ നടത്താനായില്ല. ഇന്നലെ രാവിലെ നടത്തിയ തെരച്ചിലിലാണ് ജഡം കണ്ടത്.
വീട്ടു പരിസരത്തുനിന്നും കയർ പൊട്ടിച്ചു ഓടിയ കാള 150 മീറ്റർ മാറി നീർച്ചാലിൽ പുലി കൊന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. കാളയുടെ ആന്തരാവയവങ്ങൾ പുറത്ത് വന്ന നിലയിലായിരുന്നു. പലതവണയായി ജോണ് മാത്യുവിന്റെ അഞ്ച് പശുക്കളെ പുലി പിടിച്ചതായി കർഷകൻ പറഞ്ഞു.
കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ പശുവിനെ പുലി കൊന്ന് തിന്നിരുന്നു. ഇതുവരെയും വനംവകുപ്പിൽ നിന്നും ഒരു നഷ്ടപരിഹാരവും ഇവർക്ക് ലഭിച്ചിട്ടില്ല. ഇന്നലെ രാവിലെ ഷോളയൂർ ഫോറെസ്റ്റ് സ്റ്റേഷനിൽ വിളിച്ചു വിവരം ധരിപ്പിച്ചെങ്കിലും വനം വകുപ്പിൽ നിന്നും ആരും പരിശോധനക്കെത്തിയില്ല.
സമീപപ്രദേശങ്ങളായ ഇഞ്ചിക്കുന്ന്, ആട്ടപ്പാട്ട് മല പ്രദേശങ്ങളിലും പുലിശല്യം പ്രകടമായിട്ടുണ്ട്. രണ്ട് വർഷം മുൻപ് ആട്ടപ്പാട്ട് മലയിൽ കുളങ്ങര വർക്കിയുടെ തൊഴുത്തിൽ നിന്നും രണ്ടു പശുക്കളെയാണ് പുലി കൊന്നുതിന്നത്.
മുത്തികുളം വനമേഖലയോട് ചേർന്ന് കിടക്കുന്ന ജനവാസ കേന്ദ്രങ്ങളായ കുറവൻപാടി പുലിയറ ഭാഗങ്ങളിൽ വീട്ടുപരിസരത്തു പകൽ സമയങ്ങളിലും കടുവ പ്രത്യക്ഷപെടുന്നതായി പരിസരവാസികൾ പറഞ്ഞു.
കിടങ്ങുകളോ ഇലക്ട്രിക് ഫെൻസിംഗോ തീർത്തു വന്യമൃഗങ്ങളിൽ നിന്നും കർഷകരെ രക്ഷിക്കാൻ നിരന്തരയാവശ്യങ്ങളുയർന്നിട്ടും വനംവകുപ്പ് കേട്ടതായി ഭാവിക്കുന്നില്ലെന്ന് നാട്ടുകാർ ചൂണ്ടികാട്ടി.