ഉപ്പുതറ: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കാർഷിക മേഖലയിൽ പുലിയിറങ്ങി.
കഴിഞ്ഞദിവസം പുല്ലുമേട് ഭാഗത്ത് ഏലത്തോട്ടത്തിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടവർ വനംവകുപ്പിനെ അറിയിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചില്ല.
ഇന്നലെ നാട്ടുകാർ നേരിട്ട് പുലിയെ കണ്ടതോടെ പേടിച്ച് വീട്ടിൽ കയറിയിരിക്കുകയാണ്.
ഇന്നലെ ഉച്ചയോടെ നിരപ്പേക്കട, ആറേക്കർ എന്നിവിടങ്ങളിലാണ് നാട്ടുകാർ പുലിയെ കണ്ടത്.
ഇന്നലെ ഉച്ചയോടെ ഉപ്പുതറ – കുമളി റോഡിൽ നിരപ്പേക്കട അപ്പച്ചൻകട പാലത്തിനു സമീപമാണ് പുലിയെ കണ്ടത്. അതുവഴിവന്ന ഓട്ടോറിക്ഷക്കാർ പുലിയെകണ്ട് ബഹളംകൂട്ടി പുലിയെ ഓടിച്ചു.
ബഹളംകേട്ട പുലി നിരപ്പേക്കട തുണ്ടത്തിൽ അനീഷിന്റെ ഏലക്കാടിനുള്ളിലേക്ക് ഓടിപ്പോവുകയായിരുന്നു. ഇതിന് ഒരുമണിക്കൂറിനുശേഷം ആറേക്കർ ഭാഗത്ത് പുലി നിൽക്കുന്നതായി ലോറി ഡ്രൈവറും കണ്ടു.
പുല്ലുമേട്, ആറേക്കർ, നിരപ്പേക്കട ഭാഗത്ത് കൂടുതലും കർഷകരാണ് താമസിക്കുന്നത്. ഭൂരിഭാഗം പേർക്കും വളർത്തു മൃഗങ്ങളുമുണ്ട്.
രാത്രിയിൽ ഭയന്നുവിറച്ചാണ് ഒരാഴ്ചയായി പുല്ലുമേട് നിവാസികൾ കഴിയുന്നത്. ഇപ്പോൾ ആറേക്കർ, നിരപ്പേക്കട നിവാസികളും ഭീഷണിയിൽ.
പുലിയെ കണ്ടതറിഞ്ഞ് അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി നന്ദകുമാർ സ്ഥലം സന്ദർശിച്ചു. വനംവകുപ്പും പോലീസും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.