അഹമ്മദാബാദ്: കോടതി അപ്രതീക്ഷിതമായി പുലി കയറിയതിനെ തുടർന്ന് ജഡ്ജിയും അഭിഭാഷകരും ഇറങ്ങിയോടി. ഗുജറാത്തിലെ സുരേന്ദ്രനഗറിലെ ചോട്ടിലയിലെ പ്രാദേശിക കോടതിയിലാണ് പുലി കയറി പരിഭ്രാന്തി സൃഷ്ടിച്ചത്.
ഇതിനെ തുടർന്ന് കോടതി നടപടികൾ നിർത്തിവച്ച് ജഡ്ജിയും അഭിഭാഷകരും പുറത്തുചാടി. ഈ തക്കം നോക്കി ചില ജീവനക്കാർ കോടതി മുറി അടച്ച് പുലിയെ അകത്ത് പൂട്ടിയിടുകയായിരുന്നു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പുലിയെ പിടികൂടിയത്.
രണ്ടുവയസ് പ്രായംവരുന്ന പുലിയാണിതെന്നും ഇതിനെ കാട്ടിലേക്കുതന്നെ വിടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, കോടതി മുറിയിൽ ഉണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്ന് പോലീസും അറിയിച്ചു.
കഴിഞ്ഞമാസം ഗുജറാത്ത് സെക്രട്ടറിയേറ്റ് പരിസരത്തും പുലി എത്തിയത് സിസിടിവി ദൃശ്യങ്ങളിൽനിന്ന് ലഭിച്ചിരുന്നു.