വടക്കഞ്ചേരി: മംഗലംഡാമിനടുത്ത് ഓടംന്തോട് നന്നങ്ങാടി ചാലി റബർ എസ്റ്റേറ്റ് അതിർത്തിയിൽ കന്പിവേലിയിലെ കെണിയിൽ കുടുങ്ങിയ പുലി മയക്കുവെടിയെ തുടർന്ന് ചത്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തും. രണ്ടിൽ കൂടുതൽ തവണ മയക്കുവെടിവയ്ക്കാനുണ്ടായ സാഹചര്യം ഉൾപ്പെടെ അന്വേഷണ വിധേയമാകുമെന്നാണ് അറിയുന്നത്.
രക്ഷപ്പെടുത്താമായിരുന്നിട്ടും പുലിയെ രക്ഷിക്കുന്നതിൽ പാകപിഴവുകൾ സംഭവിച്ചോ എന്നും പരിശോധിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിശദമായ അന്വേഷണം വേണമെന്ന നിലപാടാണുള്ളത്. വനംവകുപ്പിന്റെ ഉയർന്ന ഉദ്യോഗസ്ഥരെല്ലാം സംഭവസ്ഥലത്തുണ്ടായിട്ടും പുലിക്കുണ്ടായ ദാരുണാന്ത്യം ഗൗരവതരമാണെന്നാണ് വിലയിരുത്തൽ.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. മൃഗങ്ങളെ പിടിക്കാൻ കെണിവച്ചതിനും പുലി ചത്തതിനുമാണ് കേസ്. പുലിയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്തതിന്റെ റിസൾട്ടും ലാബ് പരിശോധനയുടെയും അടിസ്ഥാനത്തിലാകും ഈ കേസ് അന്വേഷണം.
തളർന്ന് അവശനായി കിടന്നിരുന്ന പുലിയെ മയക്കാൻ മൂന്നുതവണ മയക്ക് വെടിവച്ചത് അബദ്ധമായോയെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. മയക്കുവെടി തമ്മിലുള്ള സമയദൈർഘ്യം കണക്കാക്കുന്നതിൽ പാളിച്ച സംഭവിച്ചോ എന്നും പരിശോധിക്കണം.
മൃഗങ്ങൾക്കായി കെണിവച്ചവർക്കെതിരെയുള്ള അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. സ്ഥിരമായി മൃഗങ്ങളെ വേട്ടയാടുന്ന സംഘങ്ങൾ മേഖലയിട്ടുണ്ടെന്നാണ് വനപാലകർ പറയുന്നത്. തിങ്കളാഴ്ച പുലർച്ചെയാണ് ചാലി എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളികൾ പുലി കെണിയിൽ കുടുങ്ങിയത് കണ്ടത്. ഓട്ടോറിക്ഷാ കേബിൾകൊണ്ട് ഉണ്ടാക്കിയിരുന്ന കുടുക്ക് പുലിയുടെ ഇടുപ്പിലാണ് കുടുങ്ങിയത്.
രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ കുരുക്ക് കൂടുതൽ മുറുകി രക്തപ്രവാഹം തടസപ്പെടുന്ന സ്ഥിതിയിലായിരുന്നു. ഇത് ആന്തരികാവയവങ്ങളുടെ ക്ഷതത്തിനു കാരണമായോ എന്നും സംശയിക്കുന്നുണ്ട്. ഇവിടെ നിന്നുതന്നെ മറ്റൊരു കുടുക്കും വനപാലകർ കണ്ടെത്തിയിരുന്നു. അഞ്ചുവയസ് പ്രായംവരുന്ന ആണ്പുലിയാണ് ചത്തത്.