ഇരിട്ടി: കാക്കയങ്ങാട് ടൗണിനു സമീപത്ത് കമ്പിക്കുള്ളിൽ കുടുങ്ങി മയക്കുവെടിവച്ച് കൂട്ടിലടച്ച പുലിയെ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ഇന്നലെ രാത്രിയോടെ വനത്തിൽ തുറന്നുവിട്ടു.ശരീരത്തിൽ കമ്പി കുടുങ്ങിയതിനെത്തുടർന്ന് നാല് പരിക്കുകളുണ്ടെങ്കിലും സാരമുള്ളതല്ലെന്നാണ് പുലിയ പരിശോധിച്ച വെറ്ററിനറി ഡോക്ടർമാർ പറഞ്ഞത്.
പിടുകൂടിയ പുലിയെ ആറളം ഫാം ബ്ലോക്ക് 13 ലെ ആർ ആർ ടി ഓഫീസിലായിരുന്ന നിരീക്ഷണത്തിൽ നിർത്തിയത്. കർണാടക വനമേഖലായ ബ്രഹ്മഗിരി മേഖലയിലാണ് പുലിയെ തുറന്നുവിട്ടത്. മയക്കുവെടി വച്ച് കൂട്ടിലാക്കിയപ്പോഴും പുലി പൂർണമായും മയങ്ങിയിരുന്നില്ല, പാതി മയക്കത്തിലും അക്രമോത്സുകത പ്രകടിപ്പിച്ചിരുന്ന പുലി മയക്കം പൂർണമായും വിട്ടു മാറിയതോടെ കൂട്ടിനുള്ളിൽ പുപ്പുലിയായി മാറുകയായിരുന്നു. ആളുകളെ കാണുമ്പോൾ കൂടുതൽ അക്രമാസക്തനായി കമ്പിവലകൾ കടിച്ചുപൊട്ടിക്കാൻ പോലും ശ്രമിക്കുകയുണ്ടായി.
കാക്കയങ്ങാട് ടൗണിനോടു ചേർന്നു ജനവാസ മേഖലയിൽ പുലിയിറങ്ങിയതു ജനങ്ങൾ വളരെ ആശങ്കയോടെയാണു കാണുന്നത്. പുലിക്കു മുന്നിൽ നിന്നു സ്ഥലമുടമ പ്രകാശൻ രക്ഷപ്പെട്ടത് വളർത്തു നായ ബ്ലാക്കിയുടെ ഇടപെടൽകൊണ്ടു മാത്രമാണ്. നായ പരിസരം നിരീക്ഷിച്ച് കുരച്ച് ബഹളംവച്ചതു കൊണ്ടു മാത്രമാണ് താൻ പുലിയുടെ മുന്നിൽനിന്ന് രക്ഷപ്പെട്ടതെന്നാണ് ഇപ്പോഴും ഞെട്ടൽ മാറാതെ പ്രകാശൻ പറയുന്നത്.
പറന്പിലെ മരകുറ്റിയിൽ കുരുങ്ങാതെ പുലി ടൗണിലേക്ക് എത്തിയിരുന്നങ്കിലുള്ള ഭീകരാവസ്ഥ ചിന്തിക്കാനാകുന്നതിലും അപ്പുറമാകുമായിരുന്നു. കുറ്റിയിൽ കുടുങ്ങി കിടന്നതുകൊണ്ടുമാത്രമാണു പുലിയെ എളുപ്പത്തിൽ മയക്കുവെടി വച്ച് പിടികൂടാനായതും. സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.