മാതമംഗലം: പുലി ഭീതി നിലനിൽക്കുന്ന വെള്ളോറ കടവനാട് പ്രദേശങ്ങളിൽ തെരച്ചിൽ ശക്തമാക്കി വനം വകുപ്പ്.തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസ് ടീം, കണ്ണൂർ ആർആർടി ടീം, എം പാനൽ റെസ്ക്യു ടീം, നോർത്തേൺ സർക്കിൾ വെറ്ററിനറി ഡോക്ടർ എന്നിവർ അടങ്ങുന്ന ടീമാണ് തെരച്ചിൽ നടത്തുന്നത്. കാമറകൾ സ്ഥാപിച്ചതിന് പുറമെ ഡ്രോൺ കാമറ ഉപയോഗിച്ചും തെരച്ചിൽ നടത്തുന്നുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുന്നേ കക്കറ കരിമണലിൽ ഒരു വളർത്തു നായയേയും, കഴിഞ്ഞ ദിവസം വെള്ളോറ കടവനാട് അറക്കാൽപ്പാറ രവീന്ദ്രന്റെ വീട്ടിലെ ആടിനേയും പുലി കടിച്ച് കൊന്നിരുന്നു.
ഇത് പ്രദേശത്താകമാനം ഭീതിയിൽ ആഴ്ത്തിയിട്ടുണ്ട്. ഈ മേഖലയിലെ ടാപ്പിംഗ് തൊഴിലാളികൾക്ക് ഭീതി മൂലം ടാപ്പിംഗ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. പുലിയെ കുറിച്ചുള്ള വ്യാജ ഫോട്ടോകളും, അഭ്യൂഹങ്ങളും പ്രചരിക്കുന്നതും ജനങ്ങളെ ഏറെ ഭീതിയിലാഴ്ത്തുന്നുണ്ട്. ഇത്തരത്തിൽ വ്യാജ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർ ഇതിൽ നിന്ന് പിൻമാറണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.