ഇരിട്ടി: കാക്കയങ്ങാട് ജനവാസ കേന്ദ്രത്തിലെ കന്പി വേലിയിൽ പുലിയെ കുടങ്ങിയനിലയിൽ കണ്ടെത്തി. പാലപ്പുഴ റോഡിൽ മരമില്ലിന് സമീപത്തെ പ്രകാശൻ എന്നയാളുടെ വീട്ടുപറന്പിലെ കന്പിവേലിയിലാണ് പുലി കുടുങ്ങിയത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം. ശബ്ദം കേട്ട് നോക്കിയ പ്രകാശനാണ് പുലിയെ കുടുങ്ങിയ നിലയിൽ കാണുന്നത്.
ഉടൻ പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു. കാക്കയങ്ങാട് ടൗണിൽ നിന്ന്ഏകദേശം അര കിലോമീറ്റർ അകലെയുള്ള മെയിൻ റോഡിൽ നിന്ന് 100 മീറ്റർ മാറിയുള്ള പറന്പിലാണ് സാമാന്യം വലുപ്പമുള്ള പുലി കുടുങ്ങിയത്.
രക്ഷപ്പെടാനുള്ള പരാക്രമത്തിനിടെ ദുർബലമായ കന്പി പൊട്ടാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തുള്ളവരെ ഒഴിപ്പിച്ച് ഇവിടേക്കുള്ള വഴി പോലീസ് അടച്ചിരിക്കുകയാണ്. വാഹനത്തിൽ അനൗൺസ് ചെയ്ത് ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകുന്നുണ്ട്.