കിണറ്റിൽ വീണ പുള്ളിപ്പുലിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ചത് മൃഗഡോക്ടർ. ആസാമിലെ ഗോഹട്ടിയിലെ ഗോകുൽ നഗറിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് മുപ്പതടി താഴ്ചയുള്ള വറ്റിയ കിണറ്റിൽ പെണ് പുള്ളിപ്പുലി വീണത്. സംഭവം അറിഞ്ഞെത്തിയവർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്പോൾ അവർക്കു നേരെ പുലി ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
തുടർന്ന് സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതർ മൃഗഡോക്ടർ ബിജോ ഗോഗോയുടെ നേതൃത്വത്തിൽ കിണറിന്റെ മുകളിൽ നിന്നും ഒരു ഉപകരണത്തിന്റെ സഹായത്താൽ പുലിയെ ബോധരഹിതനാക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം കോവണിയുടെ സഹായത്താൽ കിണറിലേക്ക് ഇറങ്ങുകയും കയറുപയോഗിച്ച് പുലിയുടെ കൈകാലുകൾ ബന്ധിച്ചതിനു ശേഷം കിണറിനുള്ളിൽ നിന്നും പുറത്തെത്തിക്കുകയായിരുന്നു. രണ്ടു മണിക്കൂർ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പുലിയെ രക്ഷിക്കാനായത്.
തുടർന്ന കൂട്ടിലടച്ച് പുലിയെ മൃഗശാലയിലേക്ക് കൊണ്ടുപോയി. പുലിയ്ക്ക് പരിക്കുകളൊന്നുമില്ല. ആസാമിലെ ജനവാസ മേഖലയിൽ നിന്നും പുലിയെ കണ്ടെത്തുന്നത് ആദ്യത്തെ സംഭവമല്ല. ഇതിനു മുന്പ് ഒരു വൃദ്ധയെ ആക്രമിച്ചു കൊലപ്പെടുത്തിയ പുലിയെ പ്രദേശവാസികൾ കൊലപ്പെടുത്തി ഭക്ഷിച്ച സംഭവം വാർത്തയായിരുന്നു.