മംഗലംഡാം: മലയോരമേഖലയായ ഓടംന്തോട് പടങ്ങിട്ട തോടിൽ പുലിയിറങ്ങി ആടിനെ കൊന്നു. മഠത്തിനാൽ റോയിയുടെ വലിയ തള്ളയാടിനെയാണ് കൂട്ടിനുള്ളിൽനിന്നും പിടികൂടി പുലി കടിച്ചുകൊന്നത്. കൂടിന്റെ മരയഴിയിൽ പൊട്ടിച്ച് ആടിനെ പുറത്തേക്ക് വലിക്കാൻ ശ്രമിച്ചെങ്കിലും കഴുത്തിൽ കയറുണ്ടായതിനാൽ പുലിക്ക് ആടിനെയെടുത്ത് കൊണ്ടുപോകാനായില്ല. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം.
ആടുകളുടെ ശബ്ദംകേട്ട് ലൈറ്റിട്ട് പുറത്തിറങ്ങുന്പോഴേയ്ക്കും പുലി ആടിനെ ഉപേക്ഷിച്ച് ഓടിപോയതായി റോയ് പറഞ്ഞു. നാലുകുട്ടികളുള്ള മുന്തിയ ഇനത്തിൽപെട്ട ആടാണ് നഷ്ടമായത്. നാല്പതു കിലോതൂക്കം വരുന്നതാണ് ആട്. കൂട്ടിൽ ഈ ആടിന്റെ നാലുകുട്ടികളും മറ്റൊരു വലിയ ആടും ഉണ്ടായിരുന്നു.
മംഗലം ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പ്രമോദിന്റെ നേതൃത്വത്തിൽ വനപാലകരെത്തി പരിശോധന നടത്തി. കിഴക്കഞ്ചേരി വെറ്ററിനറി ഡോക്ടറെത്തി ആടിന്റെ ജഡം പോസ്റ്റുമോർട്ടം നടത്തി. പുലിതന്നെയാണ് ആടിനെ കൊന്നതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതായി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പറഞ്ഞു. ആടിന്റെ ഉടമയ്ക്ക് ന്യായമായ നഷ്ടപരിഹാരം നല്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിനായി ഉടമയിൽനിന്നും അപേക്ഷ സ്വീകരിച്ച് നഷ്ടപരിഹാരം കൈമാറും. പുലി ജനത്തിന് വലിയ ശല്യമായി വരുന്ന സ്ഥിതിയുണ്ടായാൽ വേണ്ടനടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പറഞ്ഞു.
കൂടുവച്ച് പുലിയെ പിടികൂടണമെങ്കിൽ അതിന്റെ നടപടിക്രമങ്ങൾ ഏറെയുണ്ട്. പുലിയുടെ സ്ഥിരമായ ഭീഷണി, പുലി സ്ഥിരമായി വരുന്ന വഴികൾ തുടങ്ങിയവ ഉണ്ടെങ്കിലേ കൂടുവയ്ക്കാൻ അനുമതി ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു.