മംഗലംഡാം: മലയോരമേഖലയിൽ പുലിശല്യം രൂക്ഷമായതോടെ റബർ ടാപ്പിംഗ് നിയന്ത്രിക്കണമെന്ന് വനംവകുപ്പ് അധികൃതർ. മലയോരമേഖലയിൽ പലയിടത്തും പുലിയിറങ്ങുന്നതിനാൽ പുലർച്ചെ ടാപ്പിംഗ് നടത്തുന്നത് ഒഴിവാക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്കി. നേരം വെളുത്തതിനുശേഷം മാത്രം ടാപ്പിംഗ് ജോലികൾക്ക് പോയാൽ മതിയെന്നാണ് അധികൃതർ പറയുന്നത്.
സാധാരണ ഗതിയിൽ മലയോരമേഖലയിലെ പല തോട്ടങ്ങളിലും പുലർച്ചെ മൂന്നുമുതൽ തന്നെ ടാപ്പിംഗ് തുടങ്ങാറുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മംഗലംഡാം പൂതംകൊട്ടിലാണ് പുലിയെ കാണുന്നത്.ടാപ്പിംഗ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ മറ്റ് അനിഷ്ടസംഭവങ്ങൾ ഒന്നുമുണ്ടായില്ല.
വെള്ളിയാഴ്ച പുലർച്ചെ പൂതംകോട് മേലേപുരയ്ക്കൽ മുത്തകുട്ടിയുടെ തോട്ടത്തിൽ ടാപ്പിംഗ് നടത്തുന്നതിനിടെ ടാപ്പിംഗ് തൊഴിലാളി റഫീക്ക് പുലിയെ കാണുകയായിരുന്നു. ശനിയാഴ്ച പൂതംകോട്ടിലെ മറ്റൊരു തോട്ടത്തിൽ ടാപ്പിംഗ് നടത്തുന്നതിടെ പുലിയുടെ മുന്നിൽനിന്നും ദന്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
ടാപ്പിംഗ് തൊഴിലാളികളായ മുത്തു, ഭാര്യ സുലേഖ എന്നിവരാണ് പുലിയുടെ മുന്നിൽനിന്നും രക്ഷപ്പെട്ടത്. പുലിയെ കണ്ടപ്പോൾ സുലേഖ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മുത്തു പുറംതിരിഞ്ഞ് ഓടാത്തതിനാൽ ആക്രമിച്ചില്ല. പുലിയുടെ കണ്ണിലേക്കുതന്നെ ടോർച്ച് അടിച്ച് പിറകോട്ടു നടന്നാണ് ഇവർ രക്ഷപ്പെട്ടത്.
അതേദിവസം പ്രദേശവാസിയായ വക്കച്ചൻ പുലിയെയും രണ്ടു കുട്ടികളെയും കണ്ടതായും പറയുന്നു. സംഭവമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.സമീപത്തെ പുഴയോരത്ത് പുലിയുടെ കാൽപ്പാടുകൾ കണ്ട സാഹചര്യത്തിലാണ് ഒരാഴ്ചത്തേയ്ക്ക് രാത്രിയാത്രയും പുലർച്ചെയുള്ള ടാപ്പിംഗും ഒഴിവാക്കാൻ നിർദ്ദേശിച്ചതെന്ന് മംഗലംഡാം ഡെപ്യൂട്ടി റേഞ്ചർ കെ.പ്രമോദ് പറഞ്ഞു. കഴിഞ്ഞദിവസം കോട്ടേക്കുളത്തിനുസമീപം കരടിയെയും ടാപ്പിംഗ് തൊഴിലാളികൾ കണ്ടിരുന്നു.