കോഴിക്കോട്: കോഴിക്കോട് പെരുവയൽ കായലം പള്ളിത്താഴത്ത് വിവാഹ വീട്ടിലെ വീഡിയോയിൽ പതിഞ്ഞത് പുലിയല്ലെന്നു സ്ഥിരീകരിച്ചു. ഞായറാഴ്ച പ്രദേശത്ത് വനപാലകർ നടത്തിയ പരിശോധനയിലാണ് കാട്ടുപൂച്ചയാണെന്ന് തിരിച്ചറിഞ്ഞത്. കൊളാട്ടിൽ രവീന്ദ്രന്റെ പറന്പിനു പിന്നിലെ കാടുമൂടിയ സ്ഥലത്താണ് വിശദപരിശോധന നടത്തിയത്.
പുലിയുടെ സാന്നിധ്യം സൂചിപ്പിക്കുന്ന തെളിവുകളൊന്നും പരിശോധനയിൽ ലഭിച്ചില്ല. സ്ഥലത്ത് സ്ഥാപിക്കാൻ കാമറകൾ എത്തിച്ചിരുന്നെങ്കിലും കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചതോടെ ഉദ്യോഗസ്ഥർ തിരിച്ചുകൊണ്ടുപോയി.
പുലിയുടെ വിസർജ്യമോ ഭക്ഷ്യാവശിഷ്ടങ്ങളോ കണ്ടെത്താനാവാത്തതിനാലാണ് പുലിയല്ലെന്ന് സ്ഥിരീകരിച്ചത്. വീടിനു പിന്നിൽ കണ്ടെത്തിയ കാൽപാട് ഞായറാഴ്ച വീണ്ടും പരിശോധിച്ചെങ്കിലും പുലിയുടെതല്ലെന്ന വ്യക്തമായി. വീഡിയോയിൽ പതിഞ്ഞ ജീവിക്ക് യഥാർഥത്തിൽ കൂടുതൽ വലിപ്പമില്ലെന്നും കണ്ണുകൾ തോന്നിച്ചതുമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
വിവാഹ സത്കാരം നടക്കുന്ന വീട്ടിൽ നിന്നെടുത്ത വീഡിയോയിലാണ് പുലിയുടേതെന്നു തോന്നിപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. വിവാഹ സത്കാരത്തിനിടെ എടുത്ത ദൃശ്യങ്ങൾ സത്കാരത്തിൽ പങ്കെടുത്ത കുട്ടികൾ വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടിരുന്നു. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളാണ് ദൃശ്യത്തിൽ “പുലി’ പതിഞ്ഞ വിവരം ശ്രദ്ധയിൽപ്പെടുത്തുന്നത്. ഉടൻ പോലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. ഇതേതുടർന്ന് പോലീസെത്തി പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി.