മുണ്ടക്കയം ഈസ്റ്റ്: തോട്ടം മേഖലയെ വിടാതെ പുലി ശല്യം. പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ഇഡികെ വലിയപാടം ജോമോന്റ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ ഇന്നലെ രാത്രി പുലി കടിച്ചു കൊലപ്പെടുത്തി. പശുവിന്റെ ശരീരത്തിന്റെ പകുതി ഭാഗം തിന്ന നിലയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ എസ്റ്റേറ്റിലെ ചെന്നപ്പാറ, കുപ്പക്കയം തുടങ്ങിയ മേഖലയിൽ പുലിയ പ്രദേശവാസികൾ കണ്ടിരുന്നു. ഇവിടെ പട്ടിയെ കടിച്ച് കൊന്ന നിലയിൽ കണ്ടെത്തിരുന്നു.
തുടർന്ന് വനം വകുപ്പ് കാമറകൾ സ്ഥാപിക്കുകയും ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽ പാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് പുലിയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു.
മുന്പ് പുലിയെ കണ്ട സ്ഥലങ്ങളുടെ അടുത്ത പ്രദേശമാണ് ഇഡികെ. അക്കാരണത്താൽ പശുവിനെ കൊന്നത് പുലിയാണെന്നാണ് നാട്ടുകാരും ഉറപ്പിച്ച് പറയുന്നു.
പുലിയുടെ സാന്നിധ്യമുണ്ടായി എന്നുപറയുന്ന പ്രദേശങ്ങൾ എല്ലാംതന്നെ ജനവാസ മേഖലയാണ്. പശുവിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ട പ്രദേശങ്ങളിൽ നിരവധി ലയങ്ങൾ ഉള്ളതാണ്.
പുലർച്ചെ എസ്റ്റേറ്റിൽ ടാപ്പിംഗ് ജോലികൾക്കു പോകുന്ന തൊഴിലാളികൾ ഏറെ ഭീതിയിലാണിപ്പോൾ.ജീവൻ പണയപ്പെടുത്തിയാണ് ഇവിടെയുള്ളവർ ജോലിക്കു പോകുന്നത്.
പുലിപ്പേടി കാരണം രാത്രി കാല യാത്ര ഒഴിവാക്കി ഇരുൾ പടരുംമുന്പേ മേഖലയിലെ ജനങ്ങൾ വീടുകളിൽ അഭയം പ്രാപിക്കുന്ന അവസ്ഥയാണ് നിലവിൽ.