നെന്മാറ: ഇടവേളയ്ക്ക് ശേഷം മലയോര മേഖലയിൽ വീണ്ടും പുലിയിറങ്ങി. മരുതംഞ്ചേരി ഭാഗത്താണ് വ്യാഴാഴ്ച പുലർച്ചെ പുലിയിറങ്ങി പട്ടിയെ കടിച്ചുകൊന്നത്. കയറാടി മരുതംഞ്ചേരി കല്യാണകണ്ടം വീട്ടിൽ കെ.ശ്രീജിത്തിന്റെ വീട്ടിൽ കെട്ടിയിട്ട പട്ടിയെയാണ് പുലി കടിച്ചുകൊന്നത്.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ പിടികൂടുന്നത് പതിവായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പട്ടിയുടെ ജഡവുമായി നെന്മാറ വനം ഡിവിഷണൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
ഒരാഴ്ച്ച മുന്പും പുലിയിറങ്ങി ശ്രീജിത്തിന്റെ വീട്ടിലെ പട്ടിയെ കൊണ്ടുപോയിരുന്നു. വ്യഴാഴ്ച പുലർച്ചെ രണ്ടു മണിയോടെ പ്രദേശത്ത് പട്ടികൾ നിർത്താതെ കുരച്ചിരിന്നതായും പ്രദേശവാസികൾ പറയുന്നു.
കാലത്ത് പട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേർന്നുള്ള തോട്ടത്തിൽ പുലിയുടെ കാൽപ്പാദം പതിഞ്ഞതായി കണ്ടെത്തിയത്. കാൽപ്പാടുകൾ പിന്തുടർന്നു നടത്തിയ തിരിച്ചിലിൽ കൽച്ചാടി പുഴ കടന്ന് തൊട്ടടുത്ത തോട്ടത്തിൽ പട്ടിയെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി.
പറന്പിക്കുളം കടുവ സംരക്ഷണകേന്ദ്രത്തിന്റെ പരിസ്ഥിതി ലോല കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട പ്രദേശമായതിനാൽ പ്രദേശവാസികൾ ആശങ്കയിൽ കഴിയുന്നതിനിടെയാണ് പുലിയിറങ്ങിയ സംഭവവും ഉണ്ടായത്. നെ·ാറ അടിപ്പെരണ്ട പ്രധാന പാതയോട് ചേർന്നുള്ള ഭാഗത്താണ് പുലിയിറങ്ങി പട്ടിയെ പിടികൂടിയത്.
ഇതോടെ ഇവിടുത്തുകാരുടെ ഭീതി വർദ്ധിച്ചിരിക്കുകയാണ്.ഒരു മാസം മുന്പ് ഈ ഭാഗത്ത് കാട്ടാനകൂട്ടം എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഭീതിയിൽ കഴിയുന്ന പ്രദേശവാസികളുടെ സംരക്ഷണത്തിന് നടപടി സ്വീകരിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പട്ടിയുടെ ജഡവുമായി ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തിയത്.
മാർച്ചിനും പ്രതിഷേധ സമരത്തിനും ഭൂസംരക്ഷണ സമിതി ചെയർമാൻ കെ.ജി.എൽദോ, അയിലൂർ ഗ്രാമപഞ്ചായത്തംഗം എസ്.വിനോദ്, എസ്.എം.ഷാജഹാൻ, അബ്ബാസ് ഒറവൻചിറ, ശ്രീജിത്ത്, രമേശ് ചേവക്കുളം, വിനീഷ് കരിന്പാറ, ഐസക്, വി.പി.രാജു തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതിഷേധ സമരത്തിൽ യുഡിഎഫ് സ്ഥാനാർഥി സി.എൻ.വിജയകൃഷ്ണനും, എൻഡിഎ സ്ഥാനാർഥി എ.എൻ.അനുരാഗും, എൽഡിഎഫ് സ്ഥാനാർഥി കെ.ബാബു സമരത്തിന് ഐക്യദാർഡ്യവുമായി എത്തി. തുടർന്ന് ഡിഎഫ്ഒയുമായി നടത്തിയ ചർച്ചയിൽ പുലി സാന്നിധ്യം നീരീക്ഷിച്ച ശേഷം കൂട് സ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.