ഒറ്റപ്പാലം: ഒറ്റപ്പാലത്ത് പുലി ഇറങ്ങിയതായി അഭ്യൂഹം. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തി.നാട്ടുകാർ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു.
ഇന്നലെ രാവിലെ നഗരത്തിനടുത്ത് ചി·യ ലൈനിലായി കാട് പിടിച്ച് കിടക്കുന്ന പറന്പിന് സമീപമാണ് പുലിയുടേതന്ന് സംശയിക്കപ്പെടുന്ന കാൽപ്പാടുകൾ കണ്ടെത്തിയത്.
മുൻ നഗരസഭാംഗം പ്രേമ രാജിയുടെ സഹോദരനും പൊതു പ്രവർത്തകനുമായ ധർമ്മരാജനാണ് മണ്ണിൽ പുലിയുടേതെന്ന് സംശയം ജനിപ്പിക്കുന്ന കാൽപാടുകൾ കണ്ടത്.
ഉടൻ തന്നെ ഇക്കാര്യം മുൻ നഗരസഭാംഗമായിരുന്ന കെ.ബാബുവിനെ അറിയിക്കുകയും അദ്ദേഹം വനം വകുപ്പധികൃതർക്ക് വിവരം കൈമാറുകയുമായിരുന്നു.
കാൽപാടുകൾ പുലിയുടേതാണന്ന് സ്ഥിരീകരണമില്ല. രാത്രി കാലങ്ങളിൽ ഈ പ്രദേശത്തു നിന്ന് നായ്ക്കളുടെ ഭയം നിറഞ്ഞ കരച്ചിലും നിർത്താതെയുള്ള കുരയും പതിവാണന്ന് നാട്ടുകാർ പറയുന്നു.
പരിസരങ്ങളിൽ നിന്ന് തെരുവുനായ്ക്കൾ അപ്രത്യക്ഷമാവുകയും ചെയ്യുന്നുണ്ട്.നഗരത്തിന് വിളിപാടകലെയുള്ള ഈ സ്ഥലത്ത് പുലിയെത്താൻ ഉള്ള സാഹചര്യം വനം വകുപ്പ് തള്ളിക്കളയുകയാണ്.
പരിസര പ്രദേശങ്ങളിലെവിടേയും കാടില്ലാത്തതും ഇവർ ചൂണ്ടിക്കാണിക്കുന്നു. സമീപകാലത്തായി ചിലർ പുലിയെ കണ്ടതായി പറയുന്നുണ്ട്. വനം വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.