വടക്കഞ്ചേരി: പാലക്കുഴി വിലങ്ങൻപാറയിൽ പുലിയുടെ ആക്രമണത്തിൽ മൂരി കൂറ്റൻ ചത്ത സംഭവത്തിൽ വിവാദം കൊഴുക്കുന്നു. കടുവയാണ് മൃഗത്തെ കൊന്നതെന്ന് നാട്ടുക്കാർ സംശയിക്കുന്പോൾ കടുവയല്ല, പുലി തന്നെയാണ് മൂരി കൂറ്റനെ കൊന്നതെന്ന് വനപാലകർ പറയുന്നു.
കഴിഞ്ഞദിവസം വിലങ്ങൻപ്പാറ പുതുവൽപുത്തൻവീട്ടിൽ രാജുവിന്റെ മൂരിയെയാണ് കൊന്നത്. വീടിനോട് ചേർന്ന് തെങ്ങിൽ കെട്ടിയിരുന്ന രണ്ട് വയസ്സുള്ള 150 കിലോ തൂക്കം വരുന്ന മൂരി കൂറ്റനെയാണ് മൽപിടുത്തത്തിൽ കഴുത്തിൽ മാരകമായ മുറിവേൽപ്പിച്ച് കൊന്നത്.
മൂരിയെ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയർപൊട്ടിച്ച് കുറച്ച് ദൂരം വലിച്ചുകൊണ്ട് പോയി ഉപേക്ഷിച്ചിരിക്കുകയായിരുന്നു. ആടുകളേയും വളർത്തുനായ്ക്കളേയും പുലി ആക്രമിക്കാറുണ്ടെങ്കിലും ഇത്ര വലിയ മൃഗത്തെ ആക്രമിക്കുന്നത് ഇത് ആദ്യമാണെന്ന് നാട്ടുകാർ പറയുന്നു. ഇതിനാലാണ് മൂരി കൂറ്റനെ ആക്രമിച്ചത് പുലിയല്ല, കടുവയാണെന്ന് നാട്ടുകാർ സംശയിക്കുന്നത്.
വലിയ കാൽപ്പാടുകളും സ്ഥലത്തുണ്ട്. പുലിയാണെങ്കിൽ 150 കിലോ തൂക്കമുള്ള മൂരികൂറ്റനെ വലിച്ച് കൊണ്ട് പോകാൻ കഴിയില്ലെന്നാണ് പറയുന്നത്. ഉടമക്ക് നഷ്ട പരിഹാരം നൽകുമെന്ന് വനപാലകർ പറഞ്ഞു.