പത്തനാപുരം: പുലിപ്പേടിയൊഴിയാതെ മലയോരമേഖല. വീണ്ടും പുലിയിറങ്ങി വളര്‍ത്തുനായയെ കടിച്ചുകൊന്നു. പിറവന്തൂര്‍ പഞ്ചായത്തിലെ മലയോര മേഖലയായ ചെമ്പനരുവി, പെരുംതോയില്‍, മുള്ളുമല മേഖലകളിലാണ് പുലിശല്യം രൂക്ഷം. പെരുംതോയില്‍ കമ്പിലൈനില്‍ മോനി ഭവനില്‍ മോശയുടെ വളര്‍ത്തുനായയെ കഴിഞ്ഞ രാത്രി പുലി പിടിച്ചതാണ് അവസാനസംഭവം.
ചെമ്പനരുവി ചെറുകടവ് ചരിവുകാലായില്‍ മത്തായിയുടെ വീട്ടിലെ വളര്‍ത്തുനായയെയും പുലി ആക്രമിച്ചിരുന്നു. പുലര്‍ച്ചെ രണ്ടോടെ ബഹളം കേട്ടുണര്‍ന്ന വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ നായയെ വിട്ട് പുലി ഓടിപ്പോകുകയായിരുന്നു. കാട്ടാനശല്യത്തിനൊപ്പം പുലിപ്പേടി കൂടിയായതോടെ ഭയാശങ്കയിലാണ് പ്രദേശവാസികള്‍.
മുള്ളുമല ഗിരിജന്‍ കോളനിയിലും കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ പുലിയെ കണ്ടിരുന്നു. വനമേഖലയോട് ചേര്‍ന്ന ജനവാസമേഖലയില്‍ പുലി നിരന്തരസാന്നിധ്യമായതോടെ പകല്‍സമയങ്ങളില്‍പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാരും പറയുന്നു.
പുലിയുടെ സാന്നിധ്യമുറപ്പിച്ചതോടെ പ്രദേശവാസികള്‍ ജാഗ്രത കാട്ടണമെന്ന് വനംവകുപ്പധികൃതര്‍ അറിയിച്ചു. കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം കാരണം കൃഷി ചെയ്യാനും കഴിയാത്ത സ്ഥിതിയാണ്. കാര്ഷികവിളകളെല്ലാം ഇവ നശിപ്പിക്കുകയാണ് പതിവ്. പുലിശല്യം കൂടിയതോടെ പ്രാണഭയവും വര്‍ധിച്ചു.
വനാതിര്‍ത്തികളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്യമൃഗശല്യം തടയാനായി സൗരോര്‍ജ വേലികള്‍ സ്ഥാപിച്ചിരുന്നെങ്കിലും മാസങ്ങള്‍ക്കകം അവയെല്ലാം പ്രവര്‍ത്തന രഹിതമായി. അറ്റകുറ്റപ്പണികള്‍ നടത്തി അവ പുനസ്ഥാപിക്കാന്‍ അധികൃതര്‍ തയാറായതുമില്ല.
നിര്‍മ്മിച്ച കിടങ്ങുകളാകട്ടെ മണ്ണ് നിറഞ്ഞ് മൂടിയ നിലയിലുമാണ്. ജനവാസമേഖലയിലിറങ്ങിയ പുലിയെ പിടികൂടാന്‍ അധികൃതര്‍ നടപടികളെടുക്കണമെന്ന ആവശ്യവും ശക്തമാണു