സ്വന്തം ലേഖകൻ
തൃശൂർ: ഓണത്തിനു വലിയവരുടെ യമണ്ടൻ പുലിക്കളിക്കു മുന്പേ കുട്ടികളുടെ പുലിക്കളി ഇത്തവണ അരങ്ങുതകർക്കും. അവധിക്കായി സ്കൂൾ പൂട്ടിയതും വിപണിയിലെ തിരക്കുമെല്ലാം പറയുന്നത് ഇക്കഥ തന്നെ. ഇന്നലെ സ്കൂളുകളും കോളജുകളുമെല്ലാം ഓണാഘോഷ തിരക്കിലായിരുന്നു. മുഖംമൂടികളണിഞ്ഞും മാവേലിവേഷം കെട്ടിയും വടംവലി നടത്തിയുമെല്ലാമായിരുന്നു ആഘോഷങ്ങൾ. ഇതിന്റെ ബാക്കി ഇനി വീട്ടിലാണ്.
എല്ലാവരും ബാക്കിവന്ന സാധനങ്ങളുമായി വീട്ടിലെത്തിയിട്ടുമുണ്ട്. കഴിഞ്ഞവർഷം പ്രളയം കാരണം ഓണാഘോഷളൊന്നും ഇല്ലാതിരുന്നതിനാൽ വിപണിയും മന്ദഗതിയിലായിരുന്നു. പക്ഷേ, കഴിഞ്ഞ തവണത്തെ കോട്ടം തീർക്കാനാണ് എല്ലാവരുടെയും ശ്രമം.ഓണക്കാലമായതോടെ കളിപ്പാട്ട വിപണിയിൽ പൊയ്മുഖങ്ങളുടെ വരവും വില്പനയും കൂടി.
പുലിയുടെയും മാവേലിയുടെയും മുഖംമൂടിയും വേഷങ്ങളുമെല്ലാം എത്തിക്കഴിഞ്ഞു. പലയിടത്തും സ്റ്റോക്ക് തീർന്നുകൊണ്ടിരിക്കുന്നു. പുലിയുടെ മുഖംമൂടിക്കാണ് ഡിമാൻഡ് ഏറെയെന്നു വ്യാപാരികൾ പറയുന്നു. അഞ്ചുമുതൽ 600 രൂപവരെ വിലവരുന്ന പുലിമുഖങ്ങൾ വില്പനക്കെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക്, ഫൈബർ, റബർ, പൾപ്പ്- ഏതുതരത്തിലുളളതും തെരഞ്ഞെടുക്കാം.
പുലിവേഷം 390 മുതൽ 1500 വരെ വിലയിൽ ലഭിക്കും. ഇതിനു പുറമെ കുമ്മാട്ടിവേഷങ്ങളായ പ്രേതം, വിഷ്ണു, ഹനുമാൻ, ശിവൻ, ഗണപതി, തന്ത, തള്ള തുടങ്ങിയ മുഖംമൂടികളുടെ വില്പനയും സജീവം. ഓലക്കുടയും മാവേലിവേഷവും തൃക്കാക്കരയപ്പനും തെർമോക്കോൾ ആശംസാ കാർഡുകളുമെല്ലാം വില്പനച്ചൂടിലാണ്.
ചൈനയ്ക്കു പുറമെ മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽനിന്നാണ് മുഖംമൂടികളെത്തുന്നത്. ഓരോ ആഘോഷവും കൊഴുപ്പിക്കാൻ പ്രത്യേകം ഓർഡർ ചെയ്താണ് ഇത്തരം മുഖംമൂടികൾ വരുത്തുന്നത്. ഏതുസമയത്തും പ്ലാസ്റ്റിക് നിരോധന സാധ്യതയുണ്ടാകാം എന്നതു കണക്കിലെടുത്താണ് ഫൈബർ, പൾപ്പ്, റബർ മുഖംമൂടികൾ കൂടുതലായും വിപണയിലെത്തുന്നത്. ഇതിനും ഡിമാൻഡേറെയാണ്.