കോഴിക്കോട്: കൊടുവള്ളിയിൽ കരൂഞ്ഞിമലയിൽ രണ്ട് പുലികൾ ഇറങ്ങിയതായി സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. വാട്സ് ആപ് വഴിയാണ് വ്യാജ ചിത്രങ്ങളടങ്ങുന്ന സന്ദേശം പ്രചരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ കരൂഞ്ഞിമലയിൽ രണ്ട് പുലികൾ ഇറങ്ങിയിട്ടുണ്ടെന്നും നിങ്ങളുടെ ഒരു ഷെയർ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്ന തരത്തിലാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്.
ഒരു ഷെയർ മതി ജീവൻ രക്ഷിക്കാനെന്ന് വാക്കുകൾ അടങ്ങിയതിനാൽ സന്ദേശം ലഭിച്ചവർ മിനിറ്റുകൾക്കകം ഇത് ഷെയർ ചെയ്യാനും തുടങ്ങി. ഇതോടെ കോടുവള്ളി പുലി ഭീതിയിലുമായി. രാവിലെ തന്നെ സന്ദേശം പ്രചരിക്കാൻ തുടങ്ങിയതോടെ പലരും കുട്ടികളെ സ്കൂളിൽ വിടാനും മടിച്ചു.
സ്ത്രീകളടക്കമുള്ളവർ പുലി ഇറങ്ങിയിട്ടുണ്ടെന്ന ഭീതിയിൽ വീട്ടിൽ നിന്നും പുറത്തിറങ്ങിയില്ല. മൂന്ന് മാസം മുന്പും കൊടുവള്ളിയിൽ പുലിയിറങ്ങിയെന്ന തരത്തിൽ വ്യാജ വാർത്ത് പ്രചരിച്ചിരുന്നു. അന്ന് രാത്രി ജനങ്ങൾ തെരച്ചിൽ നടത്തുന്നതിനും തടിച്ചുകൂടിയിരുന്നു.