ഇരിട്ടി: പേരട്ടയിൽ പുലി ടാപ്പിംഗ് തൊഴിലാളിക്കു നേരെ പുലിയുടെ ആക്രമണ ശ്രമം. തൊഴിലാളി പുലിയിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയക്ക്.
പുലിയുടെ ആക്രമണശ്രത്തിൽ നിന്നും ശാന്തി മുക്കിലെ മുച്ചിക്കാടൻ സുലൈമാൻ (47) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഓടി രക്ഷപ്പെടുന്നതിനിടെ വീണതിനെ തുടർന്ന് സുലൈമാന് നിസാര പരിക്കേറ്റു.
ഇന്നു പുലർച്ചെ നാലോടെയായിരുന്നു സംഭവം. സുലൈമാൻ ടാപ്പിംഗ് നടത്താനെത്തിയ റബർതോട്ടത്തിലുണ്ടായിരുന്ന പുലി കാട്ടു പന്നിയെ പിടിക്കാൻ ഓടിക്കുകയായിരുന്നു.
ഇതിനിടെ തോട്ടത്തിലെത്തിയ സുലൈമാനെ കണ്ടതോടെ പുലി കാട്ടു പന്നിയെ ഉപേക്ഷിച്ച് സുലൈമാനെ ലക്ഷ്യമിടുകയായിരുന്നു. ബഹളം വച്ചു കൊണ്ടു ഓടിയതോടെ പുലി കാട്ടിലെക്ക് പോയെന്നാണ് സുലൈമാൻ പറയുന്നത്.
കർണാടക വനാതിർത്തി പ്രദേശമാണ് ഉളിക്കൽ പഞ്ചായത്തിൽ പെടുന്ന ശാന്തി മുക്ക്.കർണാടക വനത്തിൽ പുലിയുടെ കടുവയുടെയും സാന്നിധ്യമുണ്ടെങ്കിലും ഈ പ്രദേശത്തേക്ക് ആദ്യമായാണ് പുലി എത്തുന്നത്.
ഇത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. വിവരമറിഞ്ഞ് ഉളിക്കൽ പ്രിൻസിപ്പൽ എസ്ഐ ബേബി ജോർജ് പഞ്ചായത്ത് അംഗം ബിജു വെങ്ങാല പള്ളിയധികൃതർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി.