മുണ്ടക്കയം ഈസ്റ്റ്: മാസങ്ങളായി തുടരുന്ന വന്യജീവി ആക്രമണത്തിൽ പൊറുതിമുട്ടി പെരുവന്താനം പഞ്ചായത്തിലെ ടി ആർ ആൻഡ് ടി എസ്റ്റേറ്റ് മേഖല.
അജ്ഞാതജീവി പശുക്കളെയും നായകളെയുമടക്കമുള്ളവയെ വേട്ടയാടാൻ തുടങ്ങിയിട്ട് ആറുമാസം പിന്നിട്ടിട്ടും ഇത് എന്താണെന്നു പോലും തിരിച്ചറിയാൻ വനം വകുപ്പിനാകുന്നില്ലെന്ന് ആക്ഷേപം ശക്തമായിരിക്കുകയാണ്.
ഇന്നലെ രാവിലെ ചെന്നാപ്പാറമുകള്‍ ഭാഗത്ത് 94 ഫീല്‍ഡിലാണ് രണ്ട് വയസ് പ്രായമുള്ള പശുക്കിടാവിനെ ചത്തനിലയില്‍ കണ്ടെത്തിയത്.
പുലിയുടെ ആക്രമണമാണിതെന്ന് തൊഴിലാളികൾ ഉറപ്പിച്ചു പറയുമ്പോഴും വനം വകുപ്പ് ഇതുവരെ ഇത് സ്ഥിരീകരിച്ചിട്ടില്ല.
കൂടാതെ കൊമ്പുകുത്തി കൊച്ചുവീട്ടില്‍ സുരേഷിന്റെ വളര്‍ത്തുനായയെ കഴിഞ്ഞ രാത്രി പുലികൊണ്ടുപോയതായി നാട്ടുകാർ പറയുന്നു.
വീട്ടുകാര്‍ സ്ഥലത്തില്ലായിരുന്നു. തിങ്കളാഴ്ച വീട്ടിലെത്തിയ സുരേഷും കുടുംബവും വളര്‍ത്തുനായയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് വീട്ടുപരിസരത്ത് പുലിയുടേതെന്നു കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടത്.
കൂടാതെ വീടിന്റെ ഭിത്തിയില്‍ മാന്തിയതെന്നു കരുതുന്ന നഖത്തിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്.
വന്യമൃഗ ശല്യത്തിൽ ഉറക്കം നഷ്ടപ്പെട്ട് മലയോരം
കഴിഞ്ഞ ഒരുവര്‍ഷമായി ചെന്നാപ്പാറ മുകള്‍, ചെന്നാപ്പാറ താഴെ, കൊമ്പുകുത്തി, കോരുത്തോട്, ഇഡികെ തുടങ്ങിയ മേഖലകളില്‍ വന്യമൃഗങ്ങള്‍ മൂലം നാടിന്റെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പശുവിനെ അജ്ഞാത ജീവി ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അന്ന് 94 ഭാഗത്ത് ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടെന്നു പറയുന്നുണ്ട്.
തൊട്ടടുത്തദിവസം ഇതിന് സമീപത്തായി എസ്റ്റേറ്റിലെ ജീവനക്കാരൻ ലയത്തിനു സമീപത്ത് പുലി നായയെ ആക്രമിക്കുന്നത് കണ്ടിരുന്നു.
പിന്നീട് ഒരാഴ്ചയ്ക്കിടെ മേഖലയിലെ നിരവധി വളർത്തുന്ന നായകളാണ് വന്യമൃഗ ആക്രമണത്തിൽ ചത്തത്.പ്രദേശവാസികളുടെ പരാതിയെ തുടർന്ന് വനം വകുപ്പ് മേഖലയിൽ കാമറ സ്ഥാപിച്ചെങ്കിലും ഇതിലൊന്നും ആക്രമണം നടത്തുന്ന ജീവിയുടെ ദൃശ്യങ്ങൾ ലഭ്യമായില്ല.
പിന്നീട് എസ്റ്റേറ്റിന്റെ മറ്റൊരു മേഖലയായ ഇഡികെ ഡിവിഷനിലായി അജ്ഞാത ജീവിയുടെ ആക്രമണം.തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കിടാവിനെ അജ്ഞാത ജീവിച്ചു കൊന്നതോടെ വനം വകുപ്പ് സ്ഥലത്ത് എത്തുകയും പുലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
വന്യജീവി ആക്രമണം രൂക്ഷമായതോടെ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ എരുമേലി റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചിരുന്നു.
പ്രതിഷേധം ശക്തമായതോടെ വനംവകുപ്പിന്റെ നേതൃത്വത്തിൽ പുലിയെ പിടികൂടുവാൻ കൂട് സ്ഥാപിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല.
കൂട്ടിൽ വീഴാത്ത അജ്ഞാത ജീവി
ഓരോ ദിവസവും മാറിമാറി അജ്ഞാത ജീവി വളർത്തുമൃഗങ്ങളെ ആക്രമിച്ചതോടെ ഈ പ്രദേശങ്ങളിലെല്ലാം കൂട് സ്ഥാപിച്ചെങ്കിലും ആക്രമിക്കുന്ന ജീവിയെ മാത്രം പിടികൂടുവാൻ കഴിഞ്ഞില്ല.
ഇതോടെ ജനങ്ങൾ കടുത്ത ഭീതിയിലായി. കഴിഞ്ഞ ആഴ്ചയിലും തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചുകൊന്ന് ഭക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
അന്നും വനം വകുപ്പ് അധികാരികൾ സ്ഥലത്തെത്തി അന്വേഷണം നടത്തി മടങ്ങിയതല്ലാതെ തുടർനടപടികളൊന്നുമുണ്ടായില്ല.
ഇന്നലെ വീണ്ടും പശുവിനെ കൊന്ന ഭക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെ എസ്റ്റേറ്റ് മേഖല വലിയ ഭീതിയിലാണ്. പുലിയാണ് ഇതെന്ന് നാട്ടുകാർ ഉറപ്പിച്ച് പറയുമ്പോഴും ഇതിന് കൃത്യമായ മറുപടി വനം വകുപ്പിൽ നിന്ന് ലഭിക്കുന്നില്ല.
പൂച്ചപ്പുലിയാകാമെന്ന വിശദീകരണം മാത്രമാണ് ഇവർ നൽകുന്നത്.ആറുമാസത്തിനിടെ നാൽപ്പത്തിലധികം വളർത്തു മൃഗങ്ങളെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നിരിക്കുന്നത്.
എസ്റ്റേറ്റിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനത്തിനപ്പുറം പശു വളർത്തൽ തൊഴിലാളികളുടെ മറ്റൊരു ഉപജീവനമാർഗം കൂടിയായിരുന്നു.
അജ്ഞാത ജീവിയുടെ ആക്രമണം മൂലം ഇത് ഉപേക്ഷിക്കേണ്ട ഗതികേടിലാണ് തൊഴിലാളികൾ. കൂടാതെ നിരവധി സ്കൂൾ കുട്ടികളും സാധാരണക്കാരും കടന്നുപോകുന്ന മേഖലയിൽ വന്യജീവി ആക്രമണം പതിവായത് തൊഴിലാളി കുടുംബങ്ങളുടെ ആശങ്ക വർധിപ്പിക്കുകയാണ്.