മൂന്നാര്‍: തൊഴിലുറപ്പ് പണിയുമായി ബന്ധപ്പെട്ട് ചെക്ക് ഡാം നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീത്തൊഴിലാളിയെ പുലി ആക്രമിച്ചു.
പഴയ മൂന്നാര്‍ സ്വദേശി ഷീല ഷാജി (47)യെയാണ് പുലി ആക്രമിച്ചത്. ഒപ്പം പണിചെയ്തിരുന്ന മൂന്നു തൊഴിലാളികളും ഷീലയും പുലിയുടെ മുന്നില്‍പ്പെടുകയായിരുന്നു. പുലിയുടെ ആക്രമണത്തിൽനിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
നിരവധി വീടുകളുള്ള പ്രദേശത്താണ് പുലിയുടെ ആക്രമണം ഉണ്ടായത്. ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ഡാം നിര്‍മിക്കാനുള്ള കല്ല് ശേഖരിക്കുവാന്‍ കാട്ടിനുള്ളിലേക്കു പോയ സമയത്തായിരുന്നു ആക്രമണം.
പുലിയുടെ മുന്നില്‍പ്പെട്ട തൊഴിലാളികള്‍ പിന്തിരിഞ്ഞ് ഓടുന്നതിനിടെ പിന്നിലായിരുന്ന ഷീലയെ പുലി ആക്രമിക്കുകയായിരുന്നു.
മുടിയിൽ പുലിയുടെ പിടുത്തം വീണെങ്കിലും കുതറി ഓടി ഷീല രക്ഷപ്പെടുകയായിരുന്നു. ഭയന്നു തളര്‍ന്നുവീണ ഷീലയെ സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിലേക്ക് വരികയായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം നാട്ടുകാർ വഴിയില്‍ തടഞ്ഞു.
എഐവൈഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു വാഹനം തടഞ്ഞത്. പ്രതിഷേധം ശക്തമാക്കിയതോടെ ഉദ്യോഗസ്ഥര്‍ മടങ്ങി.
തുടര്‍ന്ന് എഐവൈഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൂന്നാര്‍ ടൗണിലും പ്രതിഷേധ പ്രകടനം നടത്തി.