മംഗളൂരു: ദക്ഷിണകന്നഡ ജില്ലയിലെ കടബയില്‍ വീടിനോടുചേര്‍ന്ന ശുചിമുറിയില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ പിടികൂടുന്നതിനുള്ള വനംവകുപ്പിന്റെ ശ്രമം വിഫലമായി.
വലയില്‍ കുരുക്കാനുള്ള ശ്രമത്തിനിടെ ശുചിമുറിയുടെ മേല്‍ക്കൂരയിലെ ഷീറ്റ് തകര്‍ത്ത് പുലി പുറത്തുചാടുകയായിരുന്നു. പുലിയെ കണ്ടെത്തുന്നതിനായി ഊര്‍ജിതശ്രമം നടക്കുകയാണ്. പ്രദേശത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
കടബയ്ക്കു സമീപം കൈക്കമ്പയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ജയലക്ഷ്മി എന്ന സ്ത്രീയുടെ വീട്ടിലെ ശുചിമുറിയിലാണ് പുള്ളിപ്പുലിയും ഒപ്പം ഒരു നായയും കുടുങ്ങിയത്. രാത്രി ഒറ്റയ്ക്കു കഴിയാന്‍ ഭയമായതിനാല്‍ ജയലക്ഷ്മി അയല്‍വീട്ടിലാണ് ഉറങ്ങുന്നത്.
രാത്രി മുഴുവന്‍ നായയുടെ നിര്‍ത്താത്ത കുര കേട്ടിരുന്നു. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് നായയും പുള്ളിപ്പുലിയും ശുചിമുറിയില്‍ കുടുങ്ങിയതായി കണ്ടെത്തിയത്.
നായയോ പുലിയോ അകത്തു കടന്നപ്പോള്‍ വാതില്‍ അടഞ്ഞുപോയതിനാലാണ് പുറത്തുകടക്കാന്‍ കഴിയാതെപോയതെന്ന് കരുതുന്നു.
അടഞ്ഞ വാതിലിനോടുചേര്ന്നാണ് അല്പം ക്ഷീണിതനായ രീതിയിൽ നായ ഇരിപ്പുറപ്പിച്ചിരുന്നത്. വിശപ്പില്ലാത്തതുമൂലമാകാം പുലി നായയെ ആഹാരമാക്കാതിരുന്നതെന്ന് കരുതപ്പെടുന്നു.
ജയലക്ഷ്മിയും നാട്ടുകാരും വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വാതില്‍ ഭദ്രമായി അടച്ചതിനുശേഷം പുലിയെ വലയിട്ട് പിടികൂടാന്‍ ശ്രമം നടത്തുകയായിരുന്നു.
എന്നാല്‍ വെപ്രാളത്തില്‍ പുലി എടുത്തുചാടിയപ്പോള്‍ മേല്‍ക്കൂരയിലെ ഇളകിക്കിടന്ന ഷീറ്റ് സ്ഥാനംമാറുകയും ആ വിടവിലൂടെ പുലി പുറത്തേക്ക് ചാടുകയുമായിരുന്നു.
നായയെ വാതില്‍ തുറന്ന് പുറത്തേക്കുവിട്ടു. പുലി അധികദൂരം പോയിരിക്കാനിടയില്ലെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തുന്നത്.