മലക്കപ്പാറ: നാലുവയസുകാരനെ പുലി ആക്രമിച്ച് കൊന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബാലന്റെ മൃതദേഹം സംഭവസ്ഥലത്തുനിന്നും മാറ്റാൻ നാട്ടുകാർ സമ്മതിച്ചിരുന്നില്ല. ഉന്നത പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഏറെ നേരത്തെ അനുനയശ്രമത്തിനൊടുവിലാണ് മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്കു മാറ്റാനായത്.
ഇന്നലെ വൈകീട്ട് ആറരയോടെയാണ് വീടിന്റെ അടുക്കളഭാഗത്ത് നിൽക്കുകയായിരുന്ന കുട്ടിയെ പുലി പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയത്. വാൽപ്പാറ നടുമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളി ജാർഖണ്ഡ് സ്വദേശി മുഷറഫ് അലിയുടെ മകൻ സെയ്തുള്ളയാണ് മരിച്ചത്. കുട്ടിയുടെ തലയും ശരീരവും വേർപ്പെട്ട നിലയിൽ രണ്ടുസ്ഥലത്തുനിന്നായിട്ടാണ് കണ്ടുകിട്ടിയത്.
തോട്ടം തൊഴിലാളികൾ വർഷങ്ങളായി എസ്റ്റേറ്റ് പ്രദേശങ്ങളിൽ പുലിശല്യം മൂലം ഭീതിയോടെയാണ് ജീവിക്കുന്നത്. കുട്ടികളാണ് കൂടുതലും ആക്രമിക്കപ്പെടുന്നത്. ഇതിനുമുന്പ് പുലിയുടെ ആക്രമണത്തിൽ മൂന്ന് പിഞ്ചുകുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. തോട്ടം തൊഴിലാളികളുടെ വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുന്നതും നിത്യസംഭവമാണ്.
പുലിയുടെ ആക്രമണത്തിൽനിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ നിരന്തരമായി സമരത്തിലാണ്. എന്നിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. എസ്റ്റേറ്റിലെ തേയിലതോട്ടങ്ങളിൽ തേയിലചെടികൾക്കിടയിൽ ഒളിഞ്ഞിരിക്കാൻ പുലികൾക്ക് അനുകൂലമായ അവസ്ഥയാണ്. തൊഴിലാളികളും മറ്റും ഏതുസമയവും ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ്.
ആക്രമണസംഭവങ്ങൾ ഉണ്ടാകുന്പോൾ അധികൃതർ കൂടുകൾ സ്ഥാപിക്കുമെങ്കിലും മിക്കവാറും പുലികളെ കിട്ടാറില്ല. പിടികൂടിയ പുലികളെ വനത്തിൽകൊണ്ടുപോയി വിട്ടയച്ചാലും വീണ്ടും ഇവിടേക്ക് തന്നെയാണ് തിരിച്ചെത്തുന്നത്. നാട്ടുകാരുമായി അധികൃതർ ഇപ്പോൾ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.