തൃശൂർ: നാലോണനാളിൽ പുലികളിറങ്ങി രൗദ്രമാവുന്ന സ്വരാജ് റൗണ്ടിൽ അതിന്റെ ഓർമ പുതുക്കാനും ചടങ്ങു നിർവഹിക്കാനും നാളെ ഒറ്റപ്പുലി ഇറങ്ങും.
വിയ്യൂർ സെൻട്രൽ പുലിക്കളി സമിതിയുടെ സുശീൽ മണലാറുകാവാണ് പുലിവേഷം കെട്ടി റൗണ്ട് ചുറ്റുന്നത്. കോവിഡ് കാലമായതിനാൽ കഴിഞ്ഞ തവണത്തെപ്പോലെ മാസ്കും സാനിറ്റൈസറും പുലിക്കുണ്ടാകും.
ശരീരത്തിൽ പുലിച്ചിത്രം വരയ്ക്കുന്ന വിയ്യൂർ നടുവിൽപുളിക്കൻ രാജന്റെ വീട്ടുപടിക്കൽനിന്ന് നാളെ ഉച്ചയ്ക്കു ശേഷം മൂന്നിന് ഇറങ്ങുന്ന പുള്ളിപ്പുലി സ്വരാജ് റൗണ്ട് വലംവച്ചശേഷം നടുവിലാലിൽ നാളികേരം ഉടയ്ക്കും.
കോവിഡ് നിയന്ത്രണം ഉണ്ടായിരുന്നതിനാൽ കഴിഞ്ഞവർഷവും ഒറ്റപ്പുലിയായിരുന്നു. അന്നും സുശീൽ തന്നെയാണ് പുലിയായത്.
പുലിക്കളി മുടങ്ങാതിരിക്കാൻ ചടങ്ങായാണ് ഇത്തവണയും ഒറ്റപ്പുലിക്കളി നടത്തുന്നതെന്നു വിയ്യൂർ സെൻട്രൽ പുലിക്കളി സമിതി രക്ഷാധികാരിയും കോർപറേഷൻ കൗണ്‍സിലറുമായ ജോണ്‍ ഡാനിയൽ പറഞ്ഞു.
പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാവില്ല. ഓണ്‍ലൈൻ വഴി ലോകത്തുള്ള എല്ലാവർക്കും പുലിക്കളി കാണാമെന്നും ജോണ്‍ ഡാനിയൽ പറഞ്ഞു.