ധോണി (പാലക്കാട്): കഴിഞ്ഞ ദിവസം പുലി രാതിയിൽ എത്തി കോഴിയെ പിടിച്ച വീട്ടിൽ വീണ്ടും പുലി എത്തി.
രാത്രിയിൽ എത്തിയ പുലി വീണ്ടും കോഴിയെ പിടിച്ചുകൊണ്ടുപോയി. സിസി ടിവിയിലെ ദൃശ്യങ്ങൾ കണ്ടു നടുങ്ങിയിരിക്കുകയാണ് വീട്ടുകാർ.
പാലക്കാട് ധോണിയിലെ വെട്ടം തടത്തിൽ ടി.ജി.മാണിയുടെ വീട്ടിലാണ് വീണ്ടും പുലി ആക്രമണം നടത്തിയത്. പുലർച്ചെ രണ്ടേമുക്കാലോടെയാണ് പുലി എത്തിയത്.
പുലി പതുങ്ങി അടുക്കള ഭാഗത്തേക്കു വരുന്നതു ദൃശ്യങ്ങളിൽ കാണാം. തുടർന്നു കോഴിക്കൂടിനു സമീപം അല്പം സമയം ചുറ്റിത്തിരിഞ്ഞു. തുടർന്നു കോഴികൾ ഇരിക്കുന്ന മരക്കൊന്പിലേക്കായി നോട്ടം.
അല്പസമയം ഇവിടെ വീക്ഷിച്ചു കോഴികൾ മരക്കൊന്പുകളിൽ ഇരിക്കുന്നത് കണ്ടെത്തിയ ശേഷം താഴെ നിന്ന് അതിവേഗം പുലി മരക്കൊന്പിലേക്ക് ചാടിക്കയറി.
കോഴികൾ കൊക്കി ബഹളം കൂട്ടിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ഒരു കോഴിയെ കടിച്ചെടുത്ത പുലി താഴേക്കു ചാടി ഒാടിമറയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.
കോഴിയെ പിടിക്കാൻ പുലി വീണ്ടുമെത്തിയതോടെ മാണിയുടെ വീട്ടുകാരും നാട്ടുകാരുമൊക്കെ കടുത്ത ഭീതിയിലാണ്.
പുലി ഈ പ്രദേശത്തുതന്നെ തന്പടിച്ചിരിക്കുകയാണെന്നാണ് മൂന്നു ദിവസത്തിനുള്ളിൽ വീണ്ടും പുലി എത്തിയതിൽനിന്നു വ്യക്തമാകുന്നതെന്നു നാട്ടുകാർ പറയുന്നു.
സന്ധ്യയായിക്കഴിഞ്ഞാൽ വീടിനു പുറത്തിറങ്ങാൻ തന്നെ ഭയക്കുകയാണ് നാട്ടുകാർ.