പാലക്കാട്: ഉമ്മിനിയിൽ വനംവകുപ്പ് സ്ഥാപിച്ച പുലിക്കൂട്ടിൽ അകപ്പെടാതെ തള്ളപ്പുലി കുഞ്ഞുങ്ങളിലൊന്നിനെ കടത്തിക്കൊണ്ടുപോയി. കൂട്ടിലകപ്പെടാതെ വിദഗ്ധമായാണു അമ്മപ്പുലി കുഞ്ഞിനെ മാറ്റിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഉമ്മിനിയിലെ ആളില്ലാത്ത കെട്ടിടത്തിൽനിന്നു രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. തുടർന്ന് അമ്മപ്പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചെങ്കിലും കുഞ്ഞുങ്ങളെ തേടിയെത്തിയ പുലി വനംവകുപ്പുവച്ച കൂട്ടിൽ കുടുങ്ങാതെ മടങ്ങി.
ചെറി യ കൂടിനു പകരം വലിയ രണ്ടു കൂടുകൾ സ്ഥാപിച്ചു. ഒരു കൂട്ടിൽ രണ്ടു പുലിക്കുഞ്ഞുങ്ങളെ വച്ചു. സമീപത്ത് വനം വകുപ്പ് ജീവനക്കാർ കാവൽനിന്നു.
എന്നാൽ നേരം വെളുത്തപ്പോൾ കൂട്ടിൽ അകപ്പെടാതെ ഒരു കുഞ്ഞിനെയുമായി തള്ളപ്പുലി മടങ്ങി. കൊണ്ടുപോയ കുഞ്ഞിനെ സമീപ പ്രദേശത്ത് തന്നെ വച്ചിട്ടുണ്ടാകുമെന്നാണു കരുതുന്നതെന്നു വാളയാർ റേഞ്ച് ഓഫീസർ ആഷിക് അലി പറഞ്ഞു.
രാവിലെ കൂട് പരിശോധിച്ച ജീവനക്കാരാണ് ഒരു കുഞ്ഞിനെ പുലി കൊണ്ടുപോയതായി കണ്ടെത്തിയത്.
രണ്ടാമത്തെ കുഞ്ഞിനെ കൊണ്ടുപോവാൻ പുലി വീണ്ടുമെത്തുമെന്ന പ്രതീക്ഷയിൽ ജീവനക്കാർ ഏറെനേരം കാത്തുനിന്നെങ്കിലും പകൽ സമയത്ത് പുലി കൂട്ടിലേക്കു വരാൻ സാധ്യതയില്ലെന്നു കണ്ടതിനാൽ രണ്ടാമത്തെ പുലിക്കുഞ്ഞിനെ പാല് കൊടുക്കുന്നതിനും മറ്റുമായി ഡിഎഫ്ഒ ഓഫീസിലേക്കു മാറ്റി.
ഇന്നലെ രാത്രി വീണ്ടും പുലിക്കുഞ്ഞിനെ കൂട്ടിൽ വച്ചിട്ടുണ്ട്. കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മപ്പുലി വരുമെന്നാണ് പ്രതീക്ഷ.
അമ്മപ്പുലിയും കുഞ്ഞുങ്ങളും ഒന്നിച്ചാൽ പുലി കിടന്ന സ്ഥലത്തെ കാട് വെട്ടിത്തെളിച്ച് പുലി ശല്യം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പത്തു ദിവസം പ്രായമുള്ള പെണ്പുലിക്കുഞ്ഞുങ്ങളെയാണു വീടിനുള്ളിൽനിന്നു ലഭിച്ചത്. അമ്മപ്പുലിയെ കുടുക്കാൻ സ്ഥാപിച്ച കൂടിനേക്കാൾ വലിപ്പമുള്ള പുലിയാണു കുഞ്ഞുങ്ങളെ തേടിയെത്തിയത്.
പുലി ക്കുഞ്ഞുങ്ങൾക്ക് ഡോക്ടർമാരുടെ സാന്നിധ്യത്തിൽ പരിചരണം നൽകി വരികയാണെന്ന് വനംവകുപ്പ് അറിയിച്ചു. ഭക്ഷണം നൽകുന്നതാണു പ്രതിസന്ധി. ആട്ടിൻ പാൽ കുപ്പിയിലാക്കിയാണു കുഞ്ഞുങ്ങൾക്ക് ഇപ്പോൾ നൽകുന്നത്.