എടത്വ: ആനക്കിടാവിരുത്തിപാടത്ത് പുളിയിളകി നെൽകൃഷി പൂർണമായി നശിച്ചു. തലവടി കൃഷിഭവൻ പരിധിയിൽ മുന്നൂറേക്കർ വിസ്തൃതിയുള്ള ആനക്കിടാവിരുത്തി പാടത്തെ അന്പതേക്കർ സ്ഥലത്തെ നെൽകൃഷിയാണ് നശിച്ചത്. കൃഷിയിറക്കി 56 ദിവസം പിന്നിട്ടതായിരുന്നു.
നെൽചെടി പൂർണമായി അഴുകിയ നിലയിലാണ്. തലവടി തൈച്ചിറ സുഗുണൻ, നെടുംകളം ചന്ദ്രമതി, ഇടയത്ര ചെറിയാൻ ജോർജ്, പുത്തൻചിറ ഷീലമ്മ, പാടശേഖര സെക്രട്ടറി പി.കെ. സുന്ദരേശൻ എന്നിവരുടെ പാടത്തെ കൃഷിയാണു നശിച്ചത്.
മറ്റുകർഷകർക്കും പുളിയിളക്കം അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വിതയിറക്കിയതിനുശേഷം രണ്ടുതവണ വളമിടീലും പറിച്ചുനടീലും കഴിഞ്ഞ പാടത്താണു നിനച്ചിരിക്കാതെ പുളിയിളക്കം അനുഭവപ്പെട്ടത്. ഇതോടെ കർഷകർ നീറ്റുകക്ക ഇട്ടെങ്കിലും ഫലം കണ്ടില്ല.
കൃഷിഭവന്റെ നിർദേശ പ്രകാരം നാനോസിലിക്ക പ്രയോഗിച്ചപ്പോഴും ഇതേ അവസ്ഥയാണ്. കഠിനചൂടാണു കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. തലവടി പഞ്ചായത്തിലെ മിക്ക പാടശേഖരങ്ങളിലും പുളിയിളക്കം കണ്ടുതുടങ്ങിയിട്ടുണ്ട്.
തലവടി പഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരൻ, പഞ്ചായത്തംഗം അജിത്ത് കുമാർ പിഷാരത്ത്, കൃഷി ഓഫീസർ നിവേദിത എന്നിവർ കൃഷിനാശം സംഭവിച്ച പാടം സന്ദർശിച്ചു.
കൃഷി ഓഫീസർ മങ്കൊന്പ് നെല്ലുഗവേഷണ കേന്ദ്രത്തിൽ റിപ്പോർട്ടുചെയ്തു. പാടത്തെ പുളിയിളക്കത്തിനുള്ള കാരണം കണ്ടെത്തി മറ്റു പാടശേഖരങ്ങളിൽ വ്യാപിക്കാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനം നിർവഹിക്കുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.