തൃശൂർ: നാലോണ നാളിൽ തൃശൂരിന്റെ രാജവീഥികളെ ഗർജിച്ചുണർത്തുന്ന പുലികളുടെ ഗർജനമല്ല രോദനമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ കേൾക്കുന്നത്. പുലിക്കളിക്കുള്ള സാന്പത്തിക സഹായം കിട്ടാത്തതിനെക്കുറിച്ച് വാട്സാപ്പിലും ഫെയ്സ്ബുക്കിലും വേദനയോടെ കുറിച്ചിട്ടിരിക്കുകയാണ് പുലികൾ. പുലിക്കളി സംഘങ്ങൾ സാന്പത്തിക സഹായം കിട്ടാത്തതു മൂലം കടുത്ത സാന്പത്തിക ബുദ്ധിമുട്ടിലാണെന്നും പുലിക്കളി കഴിഞ്ഞ് മാസങ്ങളായിട്ടും പല ടീമുകളുടേയും കടബാധ്യത തീർന്നിട്ടില്ലെന്നും പുലിക്കളി ടീമുകൾ പറയുന്നു.
കുറച്ചു വർഷങ്ങളായി തൃശൂർ പുലിക്കളിക്ക് ടൂറിസം വകുപ്പ് നൽകുന്ന ധനസഹായം ലഭിക്കുന്നില്ലെന്നും പുലികൾ ഓർമിപ്പിച്ചു. തൃശൂരിലെ മൂന്നുമന്ത്രിമാർ ഈ വിഷയത്തിൽ ഇടപെട്ട് ധനസഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും പുലികൾ പറഞ്ഞു. പുലിക്കളി മുടക്കമില്ലാതെ നടത്താൻ പുലികൾ ശ്രമിക്കുന്പോൾ സാന്പത്തിക ബുദ്ധിമുട്ട് പുലികൾക്ക് കനത്ത തിരിച്ചടിയാവുകയാണ്.
കോർപറേഷന്റെ ധനസഹായത്തിന് പുറമെ ടൂറിസം വകുപ്പിന്റെ ധനസഹായം കൂടി ലഭ്യമാക്കണമെന്ന് പുലിക്കളി സംഘങ്ങൾ വ്ാട്സാപ്പിലൂടെ അഭ്യർത്ഥിച്ചിരിക്കുകയാണ്. പരമാവധി പേരിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്ത് തങ്ങളുടെ പ്രശ്നം ബന്ധപ്പെട്ടവരുടേയും പൊതുജനങ്ങളുടേയും ശ്രദ്ധയിൽ പെടുത്തണമെന്നുമാണ് തൃശൂരിന്റെ പുലിരോദനം.