തൃശൂർ: തൃശൂരിലെ പുലിക്കളി സംഘങ്ങൾ നാളെ തൃശൂരിലെത്തുന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ കാണും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നാലോണനാളിലെ പുലിക്കളി വേണ്ടെന്നുവച്ച തീരുമാനം തങ്ങൾക്ക് സാന്പത്തിക പ്രതിസന്ധി സൃഷ്ടിച്ച കാര്യം പുലിക്കളി സംഘങ്ങൾ കേന്ദ്രമന്ത്രിയെ അറിയിക്കും.
കഴിഞ്ഞവർഷം ലഭിച്ച കേന്ദ്രസഹായം ഇത്തവണ പൂർണമായും ലഭിക്കുകയാണെങ്കിൽ ആർഭാടം കുറച്ച് ഇത്തവണ നാലോണനാളിൽ പുലിക്കളി നടത്താമെന്ന് പുലിക്കളി സംഘങ്ങൾ ആലോചിക്കുന്നുണ്ട്.
ഏറെ ചെലവു വരുന്ന ടാബ്ലോകൾ ഒഴിവാക്കി ഓരോ ടീമിലെയും പുലികളുടെ എണ്ണം 51 ൽ നിന്ന് മുപ്പതാക്കി ചുരുക്കി പുലിക്കളി നടത്താനാണ് പദ്ധതി. കേന്ദ്രസഹായം കിട്ടുകയാണെങ്കിൽ ഇത് സാധ്യമാകുമെന്നാണ് പറയുന്നത്.
പുലിക്കളി വേണ്ടെന്ന് വെച്ച തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പുലിക്കളി സംഘങ്ങൾ കോർപറേഷൻ മേയർക്ക് നിവേദനം നൽകിയിരുന്നു. പുലിക്കളി സംഘങ്ങളെ അടിയന്തരമായി ചർച്ചയ്ക്ക് വിളിക്കാമെന്ന് മേയർ പറഞ്ഞിട്ടുണ്ട്.