സ്വന്തം ലേഖകൻ
തൃശൂർ: ഇത്തവണ നാലോണനാളിൽ തൃശൂരിന്റെ രാജവീഥികളെ ത്രസിപ്പിക്കാനിറങ്ങുന്ന പുലിക്കളി ടീമുകൾക്ക് ഓരോന്നിനും ഒന്നരലക്ഷം രൂപ വീതം കോർപറേഷൻ നൽകും. കോർപറേഷന്റെ ധനസഹായം രണ്ടുലക്ഷമാക്കണമെന്ന് പുലിക്കളി സംഘങ്ങളുടെ ആവശ്യം. എന്നാൽ ധനസഹായം വർധിപ്പിക്കാൻ നിവൃത്തിയില്ലെന്ന നിലപാടിലാണ് കോർപറേഷൻ.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് നാൽപ്പതിനായിരം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മുപ്പതിനായിരവും മൂന്നാം സ്ഥാനക്കാർക്കത് ഇരുപത്തിഅയ്യായിരവുമാണ് സമ്മാനത്തുക. അച്ചടക്കം പാലിക്കുന്ന പുലിക്കളി സംഘത്തിന് പന്ത്രണ്ടായിരം രൂപയും നൽകും. കഴിഞ്ഞ ദിവസം കോർപറേഷൻ വിളിച്ചുചേർത്ത പുലിക്കളി ആലോചനയോഗത്തിൽ മേയർ അജിത ജയരാജനാണ് ഇക്കാര്യം അറിയിച്ചത്.
ഓഗസ്റ്റ് 28നാണ് ഇത്തവണ പുലിക്കളി. കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ ടീമുകൾ ഇത്തവണ പുലിക്കളിക്കുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ തവണ ആറു ടീമുകളുണ്ടായിരുന്നു. തൃക്കുമാരംകുടം, വിയ്യൂർ സെന്റർ, വിയ്യൂർ ദേശം, നായ്ക്കനാൽ, അയ്യന്തോൾ, കോട്ടപ്പുറം, കോട്ടപ്പുറം സെന്റർ എന്നീ ടീമുകളുടെ ഭാരവാഹികൾ കോർപറേഷൻ വിളിച്ച ആലോചനായോഗത്തിൽ പങ്കെടുത്തു.
ഓഗസ്റ്റ് പത്തിനകം പുലിക്കളിയിൽ പങ്കെടുക്കുന്ന ടീമുകൾ പേര് രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എം.എൽ. റോസി പറഞ്ഞു.ടൂറിസം വകുപ്പ് മുൻവർഷം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്ന ഒരു ലക്ഷം രൂപയുടെ ധനസഹായം കുടിശികയാണെന്ന് പുലിക്കളി സംഘങ്ങൾ കഴിഞ്ഞ യോഗത്തിൽ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ തുക പുലിക്കളിക്കുമുന്പ് നൽകുമെന്ന് മേയർ അറിയിച്ചു.
പുലിക്കളിക്ക് മുന്നോടിയായി ഓഗസ്റ്റ് 25 മുതൽ 27 വരെ ബാനർജി ക്ലബിൽ പുലിച്ചമയ പ്രദർശനം നടത്താനും തീരുമാനിച്ചു. പുലിക്കളിയോടൊപ്പം അവതരിപ്പിക്കാറുള്ള ടാബ്ലോകളുടെ ഉയരം 20 അടിയിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന നിർദേശം പോലീസ് ഉന്നയിച്ചു. ഉയരം കൂടുന്പോൾ നഗരവീഥിയിലൂടെ ടാബ്ലോകളുടെ വാഹനം മുന്നോട്ടുപോകാൻ സമയക്കൂടുതലെടുക്കുന്നുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി.
വൈദ്യുതി ലൈനുകളും കേബിളുകളുമെല്ലാം മാറ്റാൻ സമയമെടുക്കുന്നതിനാൽ ഉയരം 20 അടിയിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പോലീസ് പറഞ്ഞു. ഈസ്റ്റ്, വെസ്റ്റ് സിഐമാരും മറ്റു പോലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.സമയക്രമം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാൻ പോലീസ് പുലിക്കളി സംഘങ്ങളുടെ യോഗം ഓഗസ്റ്റ് 10നു ശേഷം വിളിക്കും. എത്ര ടീമുകൾ പങ്കെടുക്കുന്നണ്ടെന്ന് കൃത്യമായി അറിഞ്ഞ ശേഷം ഈ യോഗം ചേരും.
ഓരോ ടീമുകളും സ്വരാജ് റൗണ്ടിൽ പ്രവേശിക്കേണ്ട സമയം കൃത്യമായി പാലിക്കണമെന്ന് യോഗം നിർദ്ദേശം നൽകി. രാത്രി എട്ടു മണിക്കുശേഷം ജഡ്ജിങ്ങ് പോയിന്റിലെത്തുന്ന ടീമുകളെ മത്സരത്തിൽനിന്നും അയോഗ്യരാക്കാൻ ധാരണയായി.
സമയം കൃത്യമായി പാലിക്കാൻ ടാബ്ലോയടക്കം ഓരോ ടീമുകൾക്കും അനുവദിച്ച വാഹനങ്ങളുടെ എണ്ണം രണ്ടായി ചുരുക്കണമെന്ന് ചില ടീമുകൾ ആവശ്യപ്പെട്ടു. എന്നാൽ ഇക്കുറി മൂന്നായി തന്നെ നിലനിർത്താൻ യോഗം തീരുമാനിച്ചു. മണ്ണെണ്ണയുടെ അളവ് വർധിപ്പിക്കണമെന്നും, പൂർണമായ മത്സരഫലം പ്രസിദ്ധീകരിക്കണമെന്നും സംഘങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു.